കാട്ടുപോത്തെന്നു സംശയിച്ചു ! സ്വകാര്യവ്യക്തിയുടെ പോത്തുകള്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി
1278597
Saturday, March 18, 2023 10:19 PM IST
നെടുങ്കണ്ടം: കൈലാസപ്പാറ മേഖലയില്‍ സ്വകാര്യവ്യക്തി അഴിച്ചുവിട്ടു വളര്‍ത്തിയിരുന്ന നാലു പോത്തുകള്‍ പ്രദേശംവിട്ട് പുറത്തുപോയി. കൂറ്റന്‍ പോത്തുകള്‍ നാട്ടിലിറങ്ങിയതോടെ ഇവ കാട്ടുപോത്താണെന്നു സംശയിച്ച നാട്ടുകാര്‍ പരിഭ്രാന്തിയിലായി.
നെടുങ്കണ്ടം, മഞ്ഞപ്പാറ, കൈലാസപ്പാറ മേഖലകളില്‍ ഈ പോത്തുകള്‍ കൃഷിയിടത്തില്‍ എത്തിയതോടെ നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
തുടര്‍ന്നാണ് കൈലാസപ്പാറ മേഖലയില്‍നിന്നു വളർത്തുപോത്തുകള് ഉടമയെ വെട്ടിച്ചു കടന്നതായി വനംവകുപ്പിന് വിവരം ലഭിച്ചത്. നാലു പോത്തുകള്‍ പോയതില്‍ രണ്ടെണ്ണം ഉടമയുടെ അടുക്കല്‍ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ളവയാണ് നാട്ടുകാര്‍ക്കു ശല്യമായത്. ഇവയെ കണ്ടെത്തി തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് ഉടമയും ഉദ്യോഗസ്ഥരും.