ചെറുതോണി പഴയപാലം ചരിത്രത്തിലേക്ക്; പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിച്ചു
1279080
Sunday, March 19, 2023 10:17 PM IST
ചെറുതോണി: പ്രളയത്തെ അതിജീവിച്ച ചെറുതോണിയിലെ പഴയപാലം ചരിത്രത്തിന്റെ ഭാഗമാകുന്നു. ജില്ലാ ആസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിച്ചു.
1960കളിൽ ഇടുക്കി അണക്കെട്ടുകളുടെ നിർമാണത്തിനുള്ള സാധന സാമഗ്രികൾ കൊണ്ടുപോകുന്നതിനായി ചെറുതോണി പുഴയ്ക്കു കുറുകെ നിർമിച്ചതാണ് ചെറുതോണിയിലെ പഴയ പാലം. കനേഡിയൻ കമ്പനിയുടെ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണീ പാലം. 2018ലെ മഹാപ്രളയത്തിൽ ഇടുക്കി അണക്കെട്ടിൽനിന്നു സെക്കൻഡിൽ 16 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം കുത്തിയൊഴുകി എത്തിയിട്ടും ചെറുതോണിയിലെ ഈ പാലത്തിന് ഒരു പോറൽപോലുമേൽക്കാതെ നിലനിന്നത് സാങ്കേതിക വിദഗ്ധരെപോലും അദ്ഭുതപ്പെടുത്തിയിരുന്നു.
ചെറുതോണി പുഴയ്ക്കു കുറുകെ ജില്ലാ പഞ്ചായത്ത് നിർമിച്ച ചെക്ക്ഡാമിന്റെ ഒരു ഭാഗം തകർന്നുവന്ന് പാലത്തിലടിച്ചിട്ടും പാലം കുലുങ്ങിയില്ല. കൂറ്റൻ മരങ്ങൾ ഒഴുകിവന്നും പഴയ ബസ് സ്റ്റാൻഡിനോടു ചേർന്ന് നട്ടുവളർത്തിയ വലിയ പനകൾ ചുവടോടെ പിഴുതുവന്ന് പാലത്തിലിടിച്ചിട്ടും പഴയ പാലത്തിന് ഒന്നും സംഭവിച്ചിരുന്നില്ല.
സബ്മേഴ്സബിൾ ബ്രിഡ്ജ് എന്നാണ് ഇന്ത്യൻ എൻജിനിയർമാർ ഈ പാലത്തെ വിശേഷിപ്പിക്കുന്നത്.
ഇത്തരം പാലത്തിനു മുകളിലൂടെ ഒരു മീറ്റർ ഉയരത്തിൽ വെള്ളം കുതിച്ചൊഴുകിയാലും ഒന്നും സംഭവിക്കില്ലെന്നാണ് എൻജിനിയർമാർ പറയുന്നത്. ചെറുതോണി പാലത്തിനു മുകളിലൂടെ മൂന്നു മീറ്ററോളം ഉയരത്തിൽ വെള്ളം കയറി ഒഴുകിയിട്ടും ഒന്നും സംഭവിച്ചില്ലെന്നതും ചരിത്രമാണ്.
അണക്കെട്ടിൽനിന്നു കുതിച്ചെത്തിയ വെള്ളത്തിൽ പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകൾ തകർന്നാണ് ദിവസങ്ങളോളം ഗതാഗതം തടസപ്പെട്ടത്. ഇതിനെത്തുടർന്നാണ് ചെറുതോണി പുഴയ്ക്കു കുറുകെ ഉയരത്തിൽ പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമായത്. തമിഴ്നാട് കന്പനി കരാർ ഏറ്റെടുത്തിരിക്കുന്ന പുതിയ പാലം നിർമാണമാരംഭിച്ചിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂ.
ഇതിനിടെ പാലത്തിനുള്ള സാധനങ്ങൾ ഇറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തൊഴിലാളി സമരവും കോവിഡ് മഹാമാരിയും പാലത്തിന്റെ നിർമാണം തടസപ്പെടുത്തിയിരുന്നു. പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് വളച്ചും ഉയരം കുറച്ചും വ്യാപാരികളെയും സ്വകാര്യ വ്യക്തികളെയും അനുനയിപ്പിച്ചാണ് പാലം പണി പൂർത്തീകരിച്ചുവരുന്നത്.
പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായതോടെ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കയാണ്.
പുതിയ പാലം പൂർത്തിയായാലും പഴയ പാലം അതേപടി നിലനിർത്തും. ഗാന്ധിനർ കോളനി, വ്യവസായ കേന്ദ്രം എന്നിവിടങ്ങളിൽനിന്നു ടൗണിലേക്ക് എത്താൻ പഴയ പാലം ഉപയോഗിക്കാവുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.