ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് ഹോട്ടൽ കത്തിനശിച്ചു
1279404
Monday, March 20, 2023 10:43 PM IST
പീരുമേട് : പള്ളിക്കുന്നിൽ ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് തീപിടിത്തം. പള്ളിക്കുന്ന് പാറ പറമ്പിൽ ജോജിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാവിലെ 6.30ഓടെയാണ് അപകടം ഉണ്ടായത്. പാചകത്തിനായി ഹോട്ടൽ ജീവനക്കാരൻ സ്റ്റൗ കത്തിക്കുന്നതിനിടയിലാണ് അപകടം നടന്നത്. തീ കത്തിപ്പടർന്നതോടെ ഹോട്ടലിൽ ഉണ്ടായിരുന്നവർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല.
നാട്ടുകാരും പീരുമേട് ഫയർഫോഴ്സും പോലീസും ചേർന്നാണ് തീയണച്ചത്. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോട്ടൽ ഉപകരണങ്ങൾ, ഫ്രിഡ്ജ്, ഫ്രീസർ, വാഷിംഗ് മെഷിൻ, മിക്സി, ടിവി തുടങ്ങിയവയെല്ലാം കത്തിനശിച്ചു. ഹോട്ടൽഭക്ഷണം ഉണ്ടാക്കാനായി വാങ്ങിവച്ചിരുന്ന പലചരക്ക് സാധനങ്ങളും ഫർണിച്ചറുകളും അഗ്നിക്കിരയായി. അഞ്ചു ലക്ഷം രൂപയോളം നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. ജോജിയുടെയും കുടുമ്പത്തിന്റെയും ഏക വരുമാനമാണ് നഷ്ടമായത്.