കത്തോലിക്ക കോൺഗ്രസ് പ്രതിഷേധജ്വാല ഇന്ന് അടിമാലിയിൽ
1280532
Friday, March 24, 2023 10:37 PM IST
കരിമ്പൻ: കത്തോലിക്ക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ അടിമാലിയിൽ ഇന്നു കർഷക പ്രതിഷേധജ്വാല നടക്കും.
വന്യജീവി ആക്രമണത്തിനു ശാശ്വത പരിഹാരം അടിയന്തരമായി കണ്ടെത്തുക, കപട പ്രകൃതി സ്നേഹികളും മൃഗസ്നേഹികളും ഉയർത്തുന്ന പ്രതിസന്ധിക്കും നിയമ പോരാട്ടങ്ങൾക്കും മുമ്പിൽ തോറ്റു കൊടുക്കുന്ന സംസ്ഥാന സർക്കാർ നിലപാടുകൾ തിരുത്തുക, 1964ലെ ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി വരുത്തി നിർമാണ നിരോധനം പൂർണമായി പിൻവലിക്കുക, സർക്കാർ വാഗ്ദാനം നടപ്പിലാക്കുക, ഇടുക്കിയെ വനമാക്കി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പരിപാടി നടത്തുന്നത്. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കർഷക പ്രക്ഷോഭ സമരപരമ്പരകളുടെ ഭാഗമായാണ് പ്രതിഷേധജ്വാല.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കോട്ടയത്തും തലശേരിയിലും നടന്ന സമരങ്ങൾക്കുശേഷം ഇടുക്കി രൂപത സമിതിയുടെ ആതിഥേയത്വത്തിൽ അടിമാലിയിൽ സംഘടിപ്പിക്കുന്ന കർഷക പ്രതിഷേധജ്വാലയിൽ നൂറുകണക്കിനു കർഷകർ അണിനിരക്കും.
ഉച്ചകഴിഞ്ഞ് 2.30ന് അടിമാലി സെന്റ് ജൂഡ് ദേവാലയ അങ്കണത്തിൽനിന്നു ആരംഭിക്കുന്ന പ്രതിഷേധറാലി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി ഫ്ലാഗ് ഓഫ് ചെയ്യും.
പ്രതിഷേധറാലി സമ്മേളനനഗരിയിൽ എത്തുമ്പോൾ നടക്കുന്ന പ്രതിഷേധ സമ്മേളനം ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും.
കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ വിഷയാവതരണം നടത്തും.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, കോതമംഗലം രൂപത ഡയറക്ടർ ഫാ. തോമസ് ചെറുപറമ്പിൽ, ഇടുക്കി രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, എറണാകുളം രൂപത പ്രസിഡന്റ് ഫ്രാൻസിസ് മൂലൻ, കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയേടം, ഇടുക്കി രൂപത ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ജോൺ മുണ്ടൻകാവിൽ, ഫാ. ജിൻസ് കാരക്കാട്ട്, ബേബി കൊടകല്ലിൽ, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയിൽ, കെസിവൈഎം രൂപത പ്രസിഡന്റ് ജെറിൻ പട്ടാംകുളം, അടിമാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. ബേബി, ആഗ്നസ് ബേബി, റിൻസി ടോമി, യൂത്ത് കോ-ഓർഡിനേറ്റർ സാബു കുന്നുംപുറം, തോമസ് മാടവന, വർഗീസ് പീറ്റർ കാക്കനാട് തുടങ്ങിയവർ പ്രസംഗിക്കും.