പാവനാത്മ കോളജിൽ ഗോത്രവർഗ പഠന ഗവേഷണകേന്ദ്രം
1281325
Sunday, March 26, 2023 10:52 PM IST
മുരിക്കാശേരി: മുരിക്കാശേരി പാവനാത്മ കോളജിൽ ചരിത്രവിഭാഗത്തിന്റെ നേതൃത്വത്തിൽ ഗോത്രവർഗ പഠന ഗവേഷണ കേന്ദ്രം ആരംഭിച്ചു. കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഉദ്ഘാടനം ചെയ്തു. തലമുറകളിൽനിന്നായി കൈമാറിക്കിട്ടിയ പാരമ്പര്യ തനിമ നിലനിർത്തി ആധുനിക കാലത്തിന്റെ നേട്ടങ്ങൾകൂടി അനുഭവിക്കാൻ ഗോത്രവർഗത്തെ പ്രാപ്തമാക്കുന്ന വിധത്തിലാണ് ഗവേഷണ കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ കോളജ് പ്രിൻസിപ്പൽ റവ. ഡോ. ബെന്നിച്ചൻ സ്കറിയ പറഞ്ഞു.
വിവിധ ഗോത്രവിഭാഗങ്ങളെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ, ഗോത്രവിഭാഗവുമായി ബന്ധപ്പെട്ട ആധികാരിക പഠനരേഖകൾ, മന്നാൻ കൂത്ത് പാട്ടുകളുടെ വ്യാഖ്യാന പഠനങ്ങൾ, യുജി-പിജി പ്രോജക്ടുകൾ, ഹെർബേറിയം, പിഎച്ച് ഡി തീസിസുകൾ, മോണോ ഗ്രാഫ്, ഇ-റിസോഴ്സുകൾ, ഗോത്ര വിഭാഗവുമായി ബന്ധപ്പെട്ട വിവിധ ഡോക്കുമെന്ററികൾ എന്നിവ ഗോത്രവർഗ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമാണ്. ഗോത്രവിഭാഗങ്ങൾ-ഇന്ത്യയിലും കേരളത്തിലും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ അനൂപ് അയ്മനം ക്ലാസ് നയിച്ചു.
ചരിത്രവിഭാഗം മേധാവി റവ. ഡോ.ജോബി ജോൺ, ഡോ. കെ.കെ. സുനീഷ്, ഷാനിമോൾ ഷാജി എന്നിവർ ചേർന്ന് തയാറാക്കിയ ഗോത്രസ്മൃതി-മന്നാൻ കൂത്തുകളുടെ വ്യാഖ്യാന പഠനം എന്ന പുസ്തകവും ഗോത്രവർഗ പഠന ഗവേഷണ കേന്ദ്രത്തിന്റെ കാറ്റലോഗും ചരിത്രവിഭാഗം വിദ്യാർഥികൾ തയാറാക്കിയ ഇടുക്കിയുടെ പ്രാദേശിക ചരിത്രം എന്ന മാനുസ്ക്രിപ്റ്റും പ്രകാശനം ചെയ്തു.
കോളജ് സെമിനാർ ഹാളിൽ നടന്ന യോഗത്തിൽ കോളജ് ബർസാർ റവ. ഡോ. ജായസ് മറ്റം, ചരിത്രവിഭാഗം മേധാവി റവ. ഡോ. ജോബി ജോൺ, ചരിത്രവിഭാഗം അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സാന്ദ്ര സന്തോഷ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ സന്തോഷ് ജോർജ്, ബിബിൻ വർഗീസ്, മരിയറ്റ് ജോർജ്, ഷീബ ജോർജ്, ലിനുമോൾ ആന്റണി, അസോസിയേഷൻ സെക്രട്ടറി ചാക്കോ ഷിബു എന്നിവർ നേതൃത്വം നൽകി.