വില്ലേജ് ഓഫീസുകൾ സ്മാർട്ടായി; ഉദ്ഘാടനം വൈകുന്നു
1282208
Wednesday, March 29, 2023 10:59 PM IST
ഉപ്പുതറ: ജില്ലയിലെ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ സ്മാർട്ടായി. പക്ഷെ, റവന്യു മന്ത്രിക്ക് സമയം ഇല്ലാത്തതിനാൽ ഉദ്ഘാടനം വൈകുന്നു.
12 ഓഫീസുകൾ രണ്ടു മാസം മുന്പേ പൂർത്തിയായതാണ്. ഇതുസംബന്ധിച്ച റിപ്പോർട്ട് ജില്ലാ ഭരണകൂടം റവന്യ വകുപ്പിനു കൈമാറിയിരുന്നു.മേയ് 18നു സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായുള്ള പട്ടയമേളയോടനുബന്ധിച്ച് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നടത്താനാണ് ആലോചന. 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഓരോ വില്ലേജ് ഓഫീസിനും പുതിയ കെട്ടിടങ്ങൾ നിർമിച്ചത്.
ജില്ലാ നിർമിതി കേന്ദ്രം, പൊതുമരാമത്തുവകുപ്പ് എന്നിവർക്കായിരുന്നു നിർമാണച്ചുമതല.
ഫയലുകളും കമ്പ്യൂട്ടറുകളും സുരക്ഷിതമായി സൂക്ഷിക്കാനും ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്ക് നിൽക്കാൻപോലും സൗകര്യമില്ലാത്ത അവസ്ഥയായിരുന്നു മുന്പുണ്ടായിരുന്നത്. പുതിയ നിർമാണത്തിനായി പഴയ കെട്ടിടം പൊളിച്ചതോടെ ഓഫീസിന്റെ പ്രവർത്തനം കിലോമീറ്ററുകൾ അകലെയുള്ള വാടകമുറിയിലോ പഞ്ചായത്തുകൾ സൗകര്യപ്പെടുത്തിയ കെട്ടിടങ്ങളിലോ ആണ് പ്രവർത്തിക്കുന്നത്. ഇതു ജീവനക്കാർക്കും പൊതുജനങ്ങൾക്കും വളരെയേറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ കെട്ടിടത്തിലേക്കു പ്രവർത്തനം മാറാത്തതിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.