അജിനാസിന്റെ കാരുണ്യത്തിൽ ഹാജറയ്ക്ക് ഭൂമിയും വീടും സ്വന്തം
1282212
Wednesday, March 29, 2023 10:59 PM IST
തൊടുപുഴ: പതിനഞ്ചു വർഷത്തിലധികമായി വാടകവീട്ടിൽ കഴിയുന്ന ഉടുന്പന്നൂർ സ്വദേശിനി ഒറ്റത്തോട്ടത്തിൽ ഒ.കെ. ഹാജറയെന്ന വീട്ടമ്മയ്ക്ക് സ്നേഹക്കൂടൊരുങ്ങും. ഹാജറയ്ക്കും എട്ടു വയസുകാരി മകൾ അൽഫിയയ്ക്കും സ്നേഹത്തിന്റെ തണലൊരുക്കി വീടു നിർമിക്കാനാവശ്യമായ മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകിയത് പെരുന്പിള്ളിൽ അജിനാസ്-ഫെമിന ദന്പതികളാണ്.
ഹാജറയുടെ അയൽവാസികളായ ഇവർ സ്ഥലം നൽകിയതോടെ പഞ്ചായത്തിന്റെ സഹകരണത്തോടെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുനിർമാണം ഉടൻ പൂർത്തിയാക്കും. രജിസ്ട്രേഷൻ നടത്തിയ ആധാരമടങ്ങുന്ന രേഖകൾ ജില്ലാ കളക്ടർ ഷീബ ജോർജ് ഹാജറയ്ക്കു കൈമാറി. സ്ഥലം നൽകി മാതൃകയായ അജിനാസിനെ കളക്ടർ ഫലകവും പൊന്നാടയും നൽകി ആദരിച്ചു.
ചെറുപ്പംമുതൽ അംഗവൈകല്യമുള്ള ഹാജറ സഹോദരങ്ങളുടെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. തനിക്കും മകൾക്കും അന്തിയുറങ്ങാൻ സ്വന്തമായി വീടും സ്ഥലവും ഇല്ലെന്നത് നൊന്പരമായിരുന്നു. വീടിനു സ്ഥലം ലഭിച്ചതിലും വീടുനിർമാണത്തിനുള്ള തുക സർക്കാർ അനുവദിച്ചതിലും സന്തോഷമുണ്ടെന്ന് ഹാജറ പറഞ്ഞു.
വീടുനിർമാണത്തിന് ആദ്യഘട്ടമായി 40,000 രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ ബീന രവീന്ദ്രൻ, ശാന്തമ്മ ജോയി, സുലൈഷ സലിം, വാർഡ് മെംബർ പി.എസ്. ജമാൽ, ബിഡിഒ കെ. അജയ്, വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർ കെ.വി. ബാബു തുടങ്ങിയവർ പങ്കെടുത്തു.