നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം നടപ്പാക്കാമെന്ന് സർക്കാർ
1282599
Thursday, March 30, 2023 10:35 PM IST
കട്ടപ്പന: നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ്, സ്ലോട്ടർ ഹൗസ് തുടങ്ങിയവ ലേലംചെയ്തു നൽകുന്നതിനുള്ള കൗണ്‍സിൽ തീരുമാനം നടപ്പാക്കാൻ സർക്കാർ അനുമതി നല്കി.
നിലവിൽ ലേലം എടുത്തിട്ടുള്ളവർക്ക് നിശ്ചിത ശതമാനം അധികതുക നിശ്ചയിച്ച് ലേലം ഉറപ്പിച്ചു നൽകുന്നതിനുള്ള ഫെബ്രുവരി 10ലെ കൗണ്‍സിൽ തീരുമാനത്തിനെതിരേ നഗരസഭാ സെക്രട്ടറി വിയോജനക്കുറിപ്പ് രേഖപ്പെടുത്തി സർക്കാരിന് റിപ്പോർട്ടു നൽകിയിരുന്നു.
ഇതു ക്രമവിരുദ്ധമാണെന്നും സെക്രട്ടറിക്കു വിയോജനക്കുറിപ്പ് രേഖപ്പെടുത്താൻ അധികാരമില്ലെന്നും തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കട്ടപ്പന നഗരസഭയെ അറിയിച്ചു.
കൗണ്‍സിൽ തീരുമാനത്തിനെതിരേ ഭരണപക്ഷത്തെ ഉൾപ്പെടെ ഏതാനും കൗണ്‍സിലർമാരും വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
കൗണ്‍സിലിന്റെ ഭൂരിപക്ഷ തീരുമാനമാണ് നടപ്പാക്കേണ്ടതെന്നു സർക്കാർ അറിയിച്ചു.
ക്രമവിരുദ്ധമായി വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ സെക്രട്ടറിക്കെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നും ഭരണപക്ഷ കൗണ്‍സിലർമാർ അറിയിച്ചു.