പഞ്ചഗുസ്തി താരം ജിൻസിമോൾക്ക് കേരള വുമൺ ലീഡർ അവാർഡ്
1282601
Thursday, March 30, 2023 10:35 PM IST
ചെറുതോണി: ദേശീയ പഞ്ചഗുസ്തി താരം ജിൻസിമോൾ സെബാസ്റ്റ്യനു വേൾഡ് വുമൺ ലീഡർഷിപ്പ് കോൺഗ്രസ്, കേരള വുമൺ ലീഡേഴ്സ് അവാർഡ് നൽകി ആദരിച്ചു. കേരളത്തിലെ വനിതകളിൽ കായികരംഗത്ത് മികവു തെളിയിച്ചതിനുള്ള അംഗീകാരമായാണ് അവാർഡ് നൽകിയത്.
കഴിഞ്ഞ 17ന് താജ് മലബാർ റിസോർട്ടിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. വിവിധ മേഖലയിൽ മികവു പുലർത്തിയ കേരളത്തിൽനിന്നുള്ള 11 വനിതകളെ ചടങ്ങിൽ ആദരിച്ചു.
ഏഴു വർഷമായി ദേശീയ പഞ്ചഗുസ്തി ചാമ്പ്യനായ ജിൻസി മേയിൽ കാശ്മീരിൽ നടക്കുന്ന 45-ാം ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിനുളള തയാറെടുപ്പിലാണ്. ദേശീയതലത്തിൽ പങ്കെടുത്ത മത്സരത്തിലെല്ലാം ചാമ്പ്യനായ ജിൻസി മൂന്നു തവണ ചാമ്പ്യൻ ഓഫ് ചാമ്പ്യൻപട്ടവും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ സീനിയർ, മാസ്റ്റർ വിഭാഗത്തിൽ നാലു സ്വർണവുമായാണ് ദേശീയ മത്സരത്തിനുള്ള യോഗ്യത നേടിയത്.
ഇവരുടെ മകൾ ആൻസലറ്റ് ജോസും അമ്മയുടെ പാതയിൽ പഞ്ചഗുസ്തിയിൽ ആറു വർഷമായി ദേശീയ ചാമ്പ്യനാണ്. കോലഞ്ചേരിയിൽ നടന്ന സംസ്ഥാനതല ചാമ്പ്യൻഷിപ്പിൽ ജൂനിയർ, സീനിയർ വിഭാഗത്തിൽ നാലു വെള്ളിമെഡൽ കരസ്ഥമാക്കി ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഇരുവർക്കും പഞ്ചഗുസ്തിയിൽ പരിശീലനം നൽകുന്നത് കായികാധ്യാപകനായ ജിൻസിയുടെ ഭർത്താവ് ഭൂമിയാംകുളം സ്വദേശി മുണ്ടനാനിക്കൽ ജോസ് (ലാലു) ആണ് . 2018ൽ വാഹനാപകടത്തിൽ ഇരുകാലുകളും നഷ്ടമായിട്ടും ലാലു പരിശീലനം തുടരുകയാണ്.