മുണ്ടക്കയം ഈസ്റ്റ് ബോയിസ് ഗ്രൗണ്ട് സ്റ്റേഡിയമായി ഉയർത്തുന്നു
1282602
Thursday, March 30, 2023 10:35 PM IST
മുണ്ടക്കയം ഈസ്റ്റ്: കായികലോകത്തെ പ്രതിഭകൾക്കു പ്രതീക്ഷയുടെ പൊൻകിരണങ്ങൾ നൽകി മുണ്ടക്കയം ഈസ്റ്റ് ബോയ്സ് ഗ്രൗണ്ട് സ്റ്റേഡിയമായി ഉയർത്തുന്നു. കോട്ടയം-ഇടുക്കി ജില്ലയുടെ അതിർത്തിഗ്രാമമായ മുണ്ടക്കയം 35ാം മൈലിലുള്ള ബോയ്സ് ഗ്രൗണ്ട് ആധുനിക നിലവാരത്തിൽ സ്റ്റേഡിയുമായി ഉയർത്തുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് തുടക്കമാകുന്നത്.
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ബോയ്സ് ഗ്രൗണ്ട് സ്റ്റേഡിയമായി ഉയർത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ചെറുതും വലുതുമായ നിരവധി കായിക ടൂർണമെന്റുകളാണ് ഈ ഗ്രൗണ്ടിൽ നടക്കാറുള്ളത്. നിലവിൽ ഹൈറേഞ്ച് സ്പോർട്സ് അക്കാഡമിയുടെ പരിശീലനം നടക്കുന്നത് ഈ ഗ്രൗണ്ടിലാണ്.
ഇവിടെ പരിശീലനം നേടിയ കായിക പ്രതിഭകൾ ദേശീയ, സംസ്ഥാന തലങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്.
കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനുവിന്റെ ഇടപെടലിലൂടെ പാരിസൺ ഗ്രൂപ്പ് മനേജ്മെന്റ് ഇടുക്കി ജില്ലാ പഞ്ചായത്തിന് ഗ്രൗണ്ട് വിട്ടുനൽകിയത്.
നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് വാഴൂർ സോമൻ എംഎൽഎ നിർവഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനൻ, ഡോമിന സജി, രേഖ ദാസ്, സിന്ധു മുരളീധരൻ, ശ്രീജ ഷൈൻ, പഞ്ചായത്ത് അംഗം വി.എൻ. ജാൻസി, ജോസഫ് എം. കള്ളിവയലിൽ, കുര്യൻ ജോർജ്, ടി.കെ. മുഹമ്മദലി തുടങ്ങിയവർ പ്രസംഗിക്കും.