ഹൈറേഞ്ച് ജനതയ്ക്കു പിന്തുണയുമായി കോട്ടയം അതിരൂപത
1282604
Thursday, March 30, 2023 10:35 PM IST
ഇടുക്കി: കാർഷിക പ്രതിസന്ധി, വന്യജീവി ആക്രമണം, പ്രകൃതിദുരന്തങ്ങൾ തുടങ്ങി സങ്കീർണമായ പ്രശ്നങ്ങളാൽ ക്ലേശിക്കുന്ന ഹൈറേഞ്ച് ജനതയ്ക്ക് കോട്ടയം അതിരൂപതയുടെ പിന്തുണ കൂടുതൽ ശക്തമായി നൽകുമെന്നു കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡവലപ്മെന്റ് സൊസൈറ്റിയുടെ വാർഷികാഘോഷം - ഹരിതസംഗമത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടർ ഷീബ ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത വികാരി ജനറാളും ജിഡിഎസ് പ്രസിഡന്റുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, സൊസൈറ്റി വൈസ് പ്രസിഡന്റ് ഫാ. ഷാജി പൂത്തറ, സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, ജിഡിഎസ് സ്ഥാപക സെക്രട്ടറി ഫാ. മൈക്കിൾ നെടുംതുരുത്തിയിൽ, സിസ്റ്റർ സോളി മാത്യു, അഡ്വ. ഫെനിൽ ജോസ്, സിറിയക് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കാർഷിക സെമിനാറിനു ഫാ. മൈക്കിൾ വെട്ടിക്കാട്ട് നേതൃത്വം നൽകി. പ്രദർശന വിപണന സ്റ്റാളുകൾ, കാർഷിക മത്സരങ്ങൾ, തടിയന്പാട് കാർഷിക നഴ്സറിയിലെ നടീൽ വസ്തുക്കളുടെ വിതരണം, സ്വാശ്രയ സംഘാംഗങ്ങളുടെ കലാപരിപാടികൾ എന്നിവയും നടന്നു.
ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലായി പ്രവർത്തിക്കുന്ന 160 സ്വാശ്രയ സംഘങ്ങളിലെ 2500 ഓളം കുടുംബങ്ങളിലെ സ്വാശ്രയ സംഘാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു.