മാലിന്യ പ്ലാന്റിലെ ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടിസ്
1282889
Friday, March 31, 2023 10:56 PM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ മാലിന്യസംസ്കരണ പ്ലാന്റിലെ ജീവനക്കാർക്ക് പഞ്ചായത്തിന്റെ കാരണം കാണിക്കൽ നോട്ടിസ്. മാലിന്യ പ്ലാന്റിലെ ജീവനക്കാർ ജോലിസമയത്ത് ഉറങ്ങിയെന്നാണ് ആരോപണം. നെടുങ്കണ്ടം പഞ്ചായത്തിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന മാലിന്യപ്ലാന്റിൽ ഫെബ്രുവരി 28നു നടത്തിയ പരിശോധനയിലാണ് ജീവനക്കാർ കൃത്യമായി ജോലി ചെയ്യുന്നില്ലെന്നു കണ്ടെത്തിയത്. ദിവസേന പ്ലാന്റിൽ എത്തിക്കുന്ന മാലിന്യങ്ങൾ അതേദിവസംതന്നെ തരംതിരിച്ച് സംസ്കരിച്ച് നടപടി സ്വീകരിച്ചിട്ടില്ലെന്നും ബോധ്യപ്പെട്ടു.
കൃത്യനിർവഹണത്തിൽ വരുത്തിയ വീഴ്ചയിൽ നടപടി സ്വീകരിക്കാതിരിക്കാൻ മൂന്നു ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോലിയിൽ വീഴ്ച വരുത്തിയെന്നു സമ്മതിച്ച് ഭാവിയിൽ ജോലിയിൽ വീഴ്ച വരുത്തില്ലെന്നു ഉറപ്പു നൽകിയും ജീവനക്കാർ പഞ്ചായത്തിനു മറുപടി നൽകി. ഇതോടെ ജീവനക്കാർക്ക് എതിരേയുള്ള നടപടി പഞ്ചായത്ത് ഒഴിവാക്കി.