കല്യാണത്തണ്ട് ഹിൽ ഗാർഡൻ ടൂറിസം പദ്ധതിരേഖ ജില്ലാ ഭരണകൂടത്തിന് കൈമാറി
1335250
Wednesday, September 13, 2023 1:01 AM IST
കട്ടപ്പന: കല്യാണത്തണ്ട് ഹിൽ ഗാർഡൻ ടൂറിസം പദ്ധതിയുടെ അന്തിമ പദ്ധതിരേഖ ജില്ലാ ഭരണകൂടത്തിന് കട്ടപ്പന നഗരസഭ കൈമാറി. ആറരക്കോടി രൂപ മുതൽ മുടക്ക് പ്രതീക്ഷിക്കുന്ന വമ്പൻ ടൂറിസം പദ്ധതിയാണ് കട്ടപ്പന നഗരസഭ കല്യാണത്തണ്ടിൽ ഹിൽ ഗാർഡൻ പാർക്ക് എന്ന പേരിൽ ആവിഷ്കരിച്ചിരിക്കുന്നത്.
സർക്കാർവക ഭൂമിയിലാണ് നഗരസഭ പാർക്ക് നിർമിക്കാൻ ഒരുങ്ങുന്നത്. നിർമിതിയുടെ സഹകരണത്തോടെയാണ് രൂപരേഖ തയാറാക്കിയത്. പദ്ധതിക്കായി അഞ്ചേക്കർ സ്ഥലം വിട്ടുനൽകണമെന്ന് നഗരസഭ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യ ഘട്ടമായി മുപ്പതു ലക്ഷം രൂപ മുടക്കിൽ വാച്ച് ടവർ നിർമിക്കും.തുടർന്ന് രണ്ടര വർഷത്തിനുള്ളിൽ ഗാർഡൻ പാർക്ക്, കഫ്റ്റേരിയ, ടോയ്ലറ്റ് കോംപ്ലക്സ്,റെയ്ൻ ഷെൽട്ടർ, ചിൽഡ്രൻസ് പ്ലേ പാർക്ക് തുടങ്ങിയവ പൂർത്തിയാക്കും.
പദ്ധതി നടപ്പാക്കുന്നതിന് എം പി, എം എൽഎ ഫണ്ടുകൾ ലഭ്യമാക്കുന്നതിനു നഗരസഭ ആലോചിക്കുന്നുണ്ട്.ഗാർഡൻ പാർക്ക് യാഥാർഥ്യമായാൽ ഇടുക്കിയിലെ ടൂറിസം ഭൂപടത്തിൽ കല്യാണത്തണ്ടും ഇടംപിടിക്കുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്.