അയ്യപ്പൻകോവിൽ പഞ്ചായത്തിലെ റോഡിനോട് വൈദ്യുതിവകുപ്പിന് എന്തേ അവഗണന?
1335251
Wednesday, September 13, 2023 1:01 AM IST
ഉപ്പുതറ: വൈദ്യുതിവകുപ്പിന്റെ എതിർപ്പുമൂലം മാട്ടുക്കട്ട വില്ലേജ് പടി-കിഴക്കേ മാട്ടുക്കട്ട റോഡ് പണിയാനാകുന്നില്ല. ഇതോടെ അയ്യപ്പൻകോവിൽ പഞ്ചായത്ത് നാലാം വാർഡിലെ നൂറോളം കുടുംബങ്ങളുടെ യാത്രാ സൗകര്യം തടസപ്പെട്ടു.
ഇടുക്കി പദ്ധതിക്കു വേണ്ടിയുള്ള കുടിയിറക്കിലാണ് റോഡ് വൈദ്യുതിവകുപ്പിന്റെ നിയന്ത്രണത്തിലായത്. ഭൂമി ഏറ്റെടുക്കുമ്പോൾ കുടിവെള്ളം, റോഡ് എന്നിവയ്ക്കൊന്നും തടസമുണ്ടാകില്ലെന്ന് വാഗ്ദാനം നൽകിയിരുന്നു. ഇപ്പോൾ വൈദ്യുതിവകുപ്പും ജില്ലാ ഭരണകൂടവും ഇക്കാര്യം മറന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു.
റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള ഒരു നടപടിക്കും വൈദ്യുതിവകുപ്പ് അനുമതി നൽകുന്നില്ല. അണക്കെട്ടിൽ ജലനിരപ്പ് ഉയരുമ്പോൾ റോഡിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാകും. ഈ സമയം മുളം ചങ്ങാടമാണ് നാട്ടുകാരുടെ ആശ്രയം. മഴ പെയ്താൽ റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ടാകും. വേനലായാൽ പൊടിപടലവും. ഇതെല്ലാം സഹിച്ചാണ് സ്കൂൾ കുട്ടികൾ അടക്കമുള്ളവർ ഇതുവഴി യാത്രചെയ്യുന്നത്.
വർഷങ്ങൾക്കു മുൻപ് റോഡിൽ വൈദ്യുതിവകുപ്പ് നിർമിച്ച കലുങ്കിന്റെ ഒരു ഭാഗത്തെ സംരക്ഷണഭിത്തി 2018ൽ ഇടിഞ്ഞിരുന്നു. ഇവിടുത്തെ അപകടാവസ്ഥ പരിഹരിക്കാൻ ഇതുവരെ തയാറായിട്ടില്ല. അറ്റകുറ്റപ്പണി നടത്താനുള്ള പഞ്ചായത്തിന്റെ ശ്രമങ്ങളും തടഞ്ഞു. ഇപ്പോൾ ഇതുവഴി ചെറിയ വാഹനങ്ങൾ മാത്രമേ കടന്നുപോകുകയുള്ളു.
പുറംലോകത്തെത്താൻ ഈ പാതയല്ലാതെ നാട്ടുകാർക്ക് മറ്റു മാർഗമില്ല. ജലാശയത്തിന്റെ എതിർഭാഗം കാഞ്ചിയാർ പഞ്ചായത്താണ് അവിടെ സമാന സ്വഭാവമുള്ള റോഡ് നിർമിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും വൈദ്യുതിവകുപ്പ് അനുമതി നൽകി.
ഇക്കാര്യം പഞ്ചായത്ത് അധികൃതർ പലതവണ വൈദ്യുതിവകുപ്പിനെ അറിയിച്ചിട്ടും അയ്യപ്പൻകോവിൽ പഞ്ചയാത്തിലെ റോഡ് ഗതാഗത യോഗ്യമാക്കാൻ വൈദ്യുതിവകുപ്പ് അനുവദിക്കുന്നില്ല. ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തുന്നില്ല.
ഒരു വർഷം മുൻപ് വിഷയം പീരുമേട് എംഎൽഎ യുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.റോഡ് സഞ്ചാരയോഗ്യമാക്കി യാത്രാദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.