അയ്യപ്പൻകോവിൽ-തൂക്കുപാലം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്
1336546
Monday, September 18, 2023 10:58 PM IST
ഉപ്പുതറ: മാട്ടുക്കട്ട-അയ്യപ്പൻകോവിൽ-കോഴിമല റോഡ് തകർന്ന് യാത്ര ദുരിതത്തിലായി. കാഞ്ചിയാർ-അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും ഇടുക്കി ജലാശയത്തിനു കുറുകെയുള്ളതുമായ തൂക്കുപാലം കാണാൻ നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
2015ൽ ഇ.എസ്. ബിജിമോൾ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയിരുന്നു. പിന്നീട് അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് റോഡ് തകരാൻ കാരണം. ചില സ്വകാര്യവ്യക്തികൾ റോഡ് കൈയേറി മതിലുകൾ നിർമിക്കുകയും ഓടകൾ അടയ്ക്കുകയും ചെയ്തതിനാൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതും റോഡ് തകരാൻ കാരണമായി.
കൈയേറ്റം ഒഴിപ്പിച്ച് , ഓടകൾ തുറന്ന്, റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.