ഹരിത പോഷണി : 1001 അടുക്കളത്തോട്ടങ്ങളുമായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
1337829
Saturday, September 23, 2023 11:19 PM IST
ചെറുതോണി: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ ജി ഡിഎസ് സ്വാശ്രയസംഘം പ്രവർത്തകർക്കായി നടപ്പാക്കുന്ന ഹരിതപോഷിണി അടുക്കളത്തോട്ടം പദ്ധതിക്കു തുടക്കമായി. വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം .
സ്വന്തമായി പുരയിടം ഇല്ലാത്തവർക്ക് അടുക്കളത്തോട്ടം നിർമിക്കുന്നതിന് ഗ്രോബാഗും വിത്തുകളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. പദ്ധതി നടപ്പിൽവരുന്ന മുറയ്ക്ക് മികച്ച അടുക്കളത്തോട്ടങ്ങൾക്ക് പാരിതോഷികം നൽകും.
പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് നിർവഹിച്ചു. ചടങ്ങിൽ ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, പ്രോഗ്രാം ഓഫീസർ സിറിയക് ജോസഫ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ ലിഡ സ്റ്റെബിൻ തുടങ്ങിയവർ പ്രസംഗിച്ചു.