വിനോദസഞ്ചാരികളുടെ വാഹനം അപകടത്തിൽപ്പെട്ടു
1339041
Thursday, September 28, 2023 11:17 PM IST
രാജകുമാരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പൂപ്പാറ തോണ്ടിമലയ്ക്കു സമീപം വിനോദസഞ്ചാരികളുമായി എത്തിയ മിനിബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു. തമിഴ്നാട് തിരുനെൽവേലിയിൽനിന്നു മൂന്നാർ സന്ദർശിക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഇന്നലെ രാവിലെ ആയിരുന്നു അപകടം. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ മുഖത്തിനു പരിക്കേറ്റ ഒരാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 25 പേർ അടങ്ങുന്ന സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
തമിഴ്നാട്ടിൽനിന്നു മൂന്നു വാഹനങ്ങളിലായി എത്തിയവരുടെ സംഘത്തിലെ ഒരു വാഹനമാണ് അപകടത്തിൽപെട്ടത്. ശാന്തൻപാറ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.