പട്ടയമില്ലാത്ത കർഷകരുടെയും വ്യാപാരികളുടെയും വിവരങ്ങൾ ഡിജിറ്റൽ റീ സർവേയിൽ രേഖപ്പെടുത്തണം
1374212
Tuesday, November 28, 2023 11:31 PM IST
കട്ടപ്പന: പട്ടയം ലഭിക്കാത്ത കൈവശ ഭൂമിയിൽ കൃഷിക്കാരുടെയും വ്യാപരികളുടെയും താമസക്കാരുടെയും പേരുവിവരങ്ങളും ഉടമസ്ഥതയും ഇപ്പോൾ നടക്കുന്ന ഡിജിറ്റൽ സർവേ രേഖകളിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെടുന്ന ഓണ്‍ലൈൻ ഒപ്പുശേഖരണം ആരംഭിച്ചു. കട്ടപ്പന ഹൈറേഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ് ആദ്യ ഒപ്പ് രേഖപ്പെടുത്തി.
മുഖ്യമന്ത്രി, റവന്യൂ മന്ത്രി, റവന്യൂ സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകുന്നത്. ഭൂവിനിയോഗത്തിന്റെ അടിസ്ഥാനം രേഖപ്പെടുത്തുന്പോൾ സംസ്ഥാനത്തിന്റെ മലയോരങ്ങളിലെ ലക്ഷക്കണക്കിന് കർഷകരും വ്യാപാരികളും റീ-സർവേ രേഖകളിൽ നിന്ന് ഒഴിവാക്കപ്പെടുകയും ഭാവിയിൽ അവർക്ക് ഭൂവുടമസ്ഥത നഷ്ടമാവുകയും ചെയ്യുന്ന സാഹചര്യമാണ്.
പട്ടയമുള്ള ഭൂമിക്ക് വർഷാവർഷം സെസ് നൽകിയില്ലെങ്കിൽ ലാൻഡ് അസൈൻമെന്റ് പട്ടയങ്ങളിലെ ഉടമസ്ഥർക്ക് ഭൂമിയും പട്ടയവും നഷ്ടമാകും. ഇതിനു പിന്നാലെ പട്ടയം ഇല്ലാത്ത ഭൂമിയുടെ കൈവശക്കാരുടെ പേരുവിവരം ഇല്ലാതെ റീസർവേ റെക്കോർഡ് ഉണ്ടാക്കുന്നത് സംശയാസ്പദമാണെന്നും ഓണ്‍ലൈൻ ഒപ്പുശേഖരണത്തിന്റെ സംഘാടകർ ചൂണ്ടിക്കാട്ടി.
വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വി.ബി. രാജൻ അധ്യക്ഷത വഹിച്ചു. ലാൻഡ് ഫ്രീഡം മൂവ്മെൻറ് വൈസ് പ്രസിഡന്റ് പി. എം. ബേബി ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടനാ നേതാക്കളായ അഡ്വ. മഞ്ചേഷ്കുമാർ, ഡയസ് പുല്ലൻ, ഷിബു തെറ്റയിൽ, തോമസ് ജോസഫ്, മാത്തുകുട്ടി പൗവത്ത്, ബാബു പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.