നവകേരളസദസ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം: ഫ്രാൻസിസ് ജോർജ്
1374229
Tuesday, November 28, 2023 11:44 PM IST
ചെറുതോണി: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാർ ചെലവിൽ എൽ ഡി എഫ് നടത്തുന്ന പ്രചാരണ പരിപാടിയാണ് നവകേരള സദസെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ.കെ.ഫ്രാൻസിസ് ജോർജ്.
ജനസദസിന്റെ ചെലവുകൾ സ്പോൺസർഷിപ്പിലൂടെ നടത്തണമെന്നുള്ള പൊതുഭരണ വകുപ്പ് ഉത്തരവിന്റെ മറവിൽ ഉദ്യോഗസ്ഥരും സിപിഎം നേതാക്കളുമടങ്ങുന്ന സംഘാടക സമിതി കോടിക്കണക്കിനു രൂപയാണ് ഒരോ നിയോജകമണ്ഡലത്തിൽനിന്നും പിരിക്കുന്നത്.
മന്ത്രിമാരും എംഎൽഎമാരും ഇതിന് വേണ്ട ഒത്താശ ചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിഹിതം കൂടാതെയാണ് മറ്റ് പിരിവുകൾ നടത്തുന്നത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതു ദുർഭരണത്തിനെതിരെ ഉണ്ടായിരിക്കുന്ന ശക്തമായ ജനവികാരം മറച്ചുവയ്ക്കുന്നതിനുള്ള തന്ത്രമാണ് ജനസദസിലൂടെ ഇടതുമുന്നണി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരപ്രമുഖരും സാംസ്കാരിക നായകരും ആത്മീയ നേതാക്കളും ഈ പരിപാടി ബഹിഷ്കരിക്കുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.