വനംവകുപ്പ് മാങ്കുളത്തെ ജനങ്ങളെ പ്രകോപിപ്പിക്കുന്നത് ദോഷം ചെയ്യുമെന്ന് കത്തോലിക്ക കോൺഗ്രസ്
1395217
Sunday, February 25, 2024 2:46 AM IST
കരിമ്പൻ: മാങ്കുളത്ത് സമീപകാലത്തായി വനംവകുപ്പ് നടത്തുന്ന നടപടികൾ പ്രദേശവാസികളായ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കലാണെന്ന് കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപതാസമിതി.
ന്യായമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ ത്തുടർന്ന് തെരുവിലിറങ്ങേണ്ടിവന്ന ജനങ്ങൾക്കെതിരേ കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യാനുള്ള സർക്കാർ ശ്രമം ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതാണ്.വനംവകുപ്പ് ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യേണ്ട സർക്കാർ, ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമെതിരേ കേസെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല.
സമരത്തിനു നേതൃത്വം കൊടുത്തവരെ തുറങ്കിലടച്ച് സമരത്തെ പരാജയപ്പെടുത്താം എന്നുള്ളത് വ്യാമോഹമാണ്. മാങ്കുളം പ്രദേശത്തു നിന്നും ജനങ്ങളെ ഇറക്കിവിടുന്നതിനും ഒരു ഗ്രാമമാകെ വനമാക്കിത്തീർക്കുന്നതിനുമുള്ള വനംവകുപ്പിന്റെ ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായി മാത്രമേ വനംവകുപ്പിന്റെയും അധികാരികളുടെയും ഈ നടപടിയെ കാണാൻ കഴിയുകയുള്ളു.
പുരോഹിതരെ ഫോണിൽ വിളിച്ച് അസഭ്യം പറയുന്നതിനും അവർക്കെതിരേ കേസെടുക്കുന്നതിനുമുള്ള ധൈര്യം ഉദ്യോഗസ്ഥർക്ക് ലഭിച്ചെങ്കിൽ അതിന്റെ പിന്നിലെ ഗൂഢശക്തികളെ തിരിച്ചറിയാൻ ജനങ്ങൾക്കു കഴിയും. ജനങ്ങളുടെ പരാതികൾ പരിഹരിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ മാങ്കുളത്ത് ഇപ്പോൾ ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭം ജില്ലയിലാകെ വ്യാപിപ്പിക്കും.
ജനങ്ങൾക്കുവേണ്ടി സമരം നയിച്ചവരെ സംരക്ഷിക്കാനുള്ള ബാധ്യത ജനങ്ങൾ ഏറ്റെടുക്കുക തന്നെ ചെയ്യും. അധികാരികൾ ഉത്തരവാദിത്വത്തോടെ മാങ്കുളത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്ന് കരിമ്പൻ ബിഷപ്സ് ഹൗസിൽ ചേർന്ന് കത്തോലിക്ക കോൺഗ്രസ് രൂപത സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
പുരോഹിതർക്കും ജനപ്രതിനിധികൾക്കും ജനങ്ങൾക്കുമെതിരേ കള്ളക്കേസുകൾ എടുത്തതിൽ കത്തോലിക്ക കോൺഗ്രസ് രൂപത സമിതി പ്രതിഷേധം രേഖപ്പെടുത്തി. മാങ്കുളത്ത് ആരംഭിക്കുന്ന സമരത്തിന് രൂപതയിലുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് പിന്തുണ നൽകാനും തീരുമാനിച്ചു. രൂപത കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, അസി. ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ബേബി കൊടകല്ലിൽ, സെക്രട്ടറി മാത്യൂസ് ഐക്കര, അഗസ്റ്റിൻ പരത്തിനാൽ, അപ്പച്ചൻ തേവർപറമ്പിൽ, സാബു ജോസ്, സെസിൽ ജോസ്, റിൻസി സിബി, ആഗ്നസ് ബേബി, ജോളി തോമസ്, ബെന്നി മൂക്കിലിക്കാട്ട്, ആദർശ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.