തിരുനക്കരയില്‍ കലയുടെ കേളികൊട്ടുയര്‍ന്നു ; നാടിന്റെ പ്രതീക്ഷ കലാകാരന്മാരിൽ: എം. മുകേഷ് എംഎല്‍എ
1395752
Tuesday, February 27, 2024 12:19 AM IST
കോട്ടയം: കുംഭച്ചൂടിനെ വകവയ്ക്കാതെ അക്ഷരത്തറവാട്ടില്‍ യുവപ്രതിഭകളുടെ കലാസംഗമം. തിരുനക്കരയിലെ പ്രൗഢമായ വേദിയില്‍ ഇന്നലെ വൈകുന്നേരം ചലച്ചിത്രതാരവും എംഎല്‍എയുമായ എം. മുകേഷ് കളിവിളക്ക് തെളിച്ചതോടെ എംജി വാഴ്സിറ്റി കലോത്സവത്തിന് ഏഴരയോടെ തുടക്കമായി.
കേരളത്തിലെ കലാകാരന്മാര് ഒന്നിനെയും ഭയക്കാത്തവരാണെന്നും കലാകാരന്മാരിലാണ് നാടിന്റെ പ്രതീക്ഷയെന്നും മുകേഷ് പറഞ്ഞു. കേരളം മാത്രമാണ് കലാകാരന്മാര്ക്ക് ആശ്രയം. കലാകാരന്മാരെയും കലയെയും വെറുതെ വിടണം. അവര്‍ക്ക് പറയാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്ര്യം ഇല്ലാതായാല്‍ നാട് നാശത്തിലേക്കു നീങ്ങുമെന്നും മുകേഷ് പറഞ്ഞു.
യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് വി.ആര്. രാഹുല്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്മാന് മന്ത്രി വി.എന്‍. വാസവന് മുഖ്യ പ്രഭാഷണം നടത്തി. സിനിമാ മേഖലയില്‍ അരനൂറ്റാണ്ടു കാലമായി തിളങ്ങിനിൽക്കുന്ന വിജയരാഘവനെയും അയ്യര്‍ ഇന്‍ അറേബ്യ എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച എം.എ. നിഷാദിനെയും ആദരിച്ചു. ചലച്ചിത്രതാരം ദുര്‍ഗ കൃഷ്ണ, വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, സിന്‍ഡിക്കറ്റംഗങ്ങളായ റെജി സഖറിയ, ഹരികൃഷ്ണന്, ആര്. അനിത, ഷാജില ബീവി, ജനറല്‍ കണ്‍വീനര്‍ മെല്വിന് ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ബി.ആഷിക് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാഷ്ട്രീയ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തിനെത്തിയിരുന്നു.
കലാകേരളത്തിന് അനേകം പ്രതിഭകളെ സമ്മാനിച്ച പാരമ്പര്യമുള്ള കോട്ടയത്ത് കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 215 കോളജുകളില്‍നിന്നായി ഏഴായിരത്തിലധികം വിദ്യാര്‍ഥികളാണ് കലാവിരുന്നുമായി എത്തുന്നത്.
അന്നു വന്നത് മിമിക്രി മത്സരത്തിന്;
ഇന്നു കലോത്സവം
ഉദ്ഘാടനം ചെയ്യാന്‍
കോട്ടയം: തന്റെ കലാലയ ജീവിതത്തിലെ കലോത്സവ ഓര്‍മകള്‍ പറഞ്ഞ് ചലച്ചിത്രതാരം എം. മുകേഷ് എംഎല്‍എ. 1980 കാലഘട്ടത്തില്‍ കേരള യൂണിവേഴ്സിറ്റിയുടെ കലോത്സവം കോട്ടയം തിരുനക്കരയിലെ വേദിയില്‍ നടന്നപ്പോള്‍ മിമിക്രി, മോണോ ആക്ട് വേദിയിലെത്തിയ കാര്യമാണ് മുകേഷ് മത്സരാര്‍ഥികളെ ഓര്‍മിപ്പിച്ചത്. മിമിക്രി മത്സരത്തിന് സിദ്ദിഖ്, ലാല്‍, സൈനുദ്ദീന്‍ എന്നിവരും മുകേഷിനൊപ്പമുണ്ടായിരുന്നു. വിവിധ കോളജുകളില്‍നിന്നെത്തിയ ഞങ്ങള്‍ തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. മത്സരത്തില്‍ ഞങ്ങള്‍ക്ക് ആര്‍ക്കും സമ്മാനവും കിട്ടിയില്ല. സമ്മാനം വരും പോകും.
കല ആസ്വദിക്കാനും ആഘോഷിക്കാനുമുള്ളതാണെന്നും അവിടെ അഹംഭാവത്തിന് ഇടമില്ലെന്നും മുകേഷ് പറഞ്ഞു. കോട്ടയത്തു നടന്ന യൂണിവേഴ്സിറ്റി കലോത്സവത്തിനു നേതൃത്വം നല്കിയ അന്നത്തെ യൂണിയന് ചെയര്മാന് സുമുഖനും സുന്ദരനുമായിരുന്ന കെ. സുരേഷ്കുറുപ്പിനെ വളരെ സ്നേഹത്തോടെയും ആദരവോടെയുമാണ് അന്നു കണ്ടിരുന്നതെന്നും മുകേഷ് അനുസ്മരിച്ചു.
ലോകോത്തര നിലവാരത്തിലുള്ള കലാകാരന്മാരും കലാപ്രവര്‍ത്തകരും ആസ്വാദകരുമുള്ള നാടാണ് കേരളം. തങ്ങള്‍ കലാപ്രവര്‍ത്തനവുമായി വേദിയില്‍ വരുന്ന കാലത്ത് മുന്നിലിരുന്ന സദസിനോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. എത്ര വിമര്‍ശിച്ചാലും അത് കേള്‍ക്കാനും തെറ്റ് തിരുത്താനുമുള്ള മനസും നേതാക്കന്മാര്ക്കുണ്ടായിരുന്നെന്നും മുകേഷ് പറഞ്ഞു.