ബിജെപി പ്രതിഷേധസമരം നടത്തി
1396053
Wednesday, February 28, 2024 2:47 AM IST
മൂന്നാർ: കന്നിമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട സുരേഷിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ കൂടുതൽ ധനസഹായം നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പത്തുലക്ഷം കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം നൽകുന്നതാണ്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ തുക അനുവദിക്കണം.
വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ സന്പൂർണ പരാജയമാണെന്നും വനം മന്ത്രി രാജിവയ്ക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മൂന്നാർ ടൗണിൽ പ്രകടനം നടത്തിയ പ്രവർത്തകർ മൂന്നാർ ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു. വി.എൻ. സുരേഷ് , എസ്.കന്ദകുമാർ , പി.ചാർലി, എസ്. കതിരേശൻ, മതിയഴകൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൊടുപുഴ: ജില്ലയിലെ വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി ആവശ്യപ്പെട്ടു. വന്യജീവികളുടെ എണ്ണം കൂടിയതും വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെട്ടതുമൂലമുണ്ടായ ഭക്ഷണ ലഭ്യതക്കുറവും മൃഗങ്ങൾ കാടിറങ്ങാൻ കാരണമായിട്ടുണ്ട്.
ജീവനും കൃഷിക്കും ഭീഷണിയുള്ള കർഷകരെ ഇൻഷുറൻസ് പരിധിയിൽ കൊണ്ടുവന്ന് നഷ്ടപരിഹാരം കാലോചിതമായി വർധിപ്പിക്കാൻ അധികാരികൾ തയാറാകണം. കേന്ദ്ര സർക്കാർ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനു നൽകിയ തുക പോലും ചെലവഴിക്കാതെ ഹർത്താൽ നടത്തി ജനങ്ങളെ കബളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.