തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളജിൽ വീണ്ടും സസ്പെൻഷൻ
1396063
Wednesday, February 28, 2024 2:53 AM IST
തൊടുപുഴ: കോ-ഓപ്പറേറ്റീവ് സ്കൂൾ ഓഫ് ലോയിലെ ഏഴു വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം സമരം ചെയ്ത വിദ്യാർഥികൾക്കെതിരേയാണ് വീണ്ടും നടപടി. എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പുറത്ത് വന്നതിനു പിന്നാലെ ഒരു വിദ്യാർഥിക്ക് അനർഹമായി മാർക്ക് നൽകിയെന്ന് ആരോപിച്ച് മാനേജ്മെന്റിനെതിരേ സമര രംഗത്ത് വന്നതിന്റെ പേരിൽ ഏഴു പേരെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതെ തുടർന്ന് കഴിഞ്ഞ 20ന് കോളജ് കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി മുപ്പതോളം വിദ്യാർഥികൾ നടത്തിയ സമരത്തെ തുടർന്ന് സസ്പെൻഷൻ പിൻവലിച്ചതായി അറിയിച്ചിരുന്നു.
അന്ന് ഡീൻ കുര്യാക്കോസ് എംപിയും ഇടുക്കി സബ് കളക്ടറും അടക്കമുളളവർ കോളജ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്. ഇതേത്തുടർന്ന് രാത്രി 12 ഓടെ അന്ന് സമരം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ ഇവരെ വീണ്ടും സസ്പെൻഡ് ചെയ്തതെന്നു കാട്ടി വിദ്യാർഥികളുടെ വീടുകളിലേക്ക് കോളജിൽ നിന്ന് സന്ദേശം അയക്കുകയും സസ്പെൻഷൻ സംബന്ധിച്ച് ഇന്നലെ കോളജ് നോട്ടീസ് ബോർഡിൽ ഇടുകയും ചെയ്തു.
വിദ്യാർഥി സമരത്തെ തുടർന്ന് അടച്ചിരുന്ന കോളജ് വെള്ളിയാഴ്ച തുറക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഒരു പെണ്കുട്ടി ഉൾപ്പെടെ ഏഴു വിദ്യാർഥികളെ റാഗിംഗിന്റെ പേരിൽ വീണ്ടും സസ്പെൻഡ് ചെയ്തതായി നോട്ടിസ് ഇട്ടത്. 50 ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർഥിക്ക് ഇന്റേണൽ മാർക്ക് പൂർണമായും നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നായിരുന്നു വിദ്യാർഥികളുടെ പ്രധാന ആരോപണം.
എന്നാൽ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്ത നടപടി നീതിനിഷേധമാണെന്നും ഇത് ചർച്ചയിൽ എടുത്ത തീരുമാനത്തിനു വിരുദ്ധമാണെന്നും ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.