വാഗമണ്ണിൽ അന്താരാഷ്ട്ര പാരാ ഗ്ലൈഡിംഗ് ഫെസ്റ്റിവൽ 14 മുതൽ
1396579
Friday, March 1, 2024 3:28 AM IST
തൊടുപുഴ: അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ 14 മുതൽ 17 വരെ തീയതികളിൽ വാഗമണ്ണിൽ നടക്കും. നാലു ദിവസം നീണ്ടുനിൽക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ സ്പോർട്സ് അഡ്വഞ്ചർ ഫെസ്റ്റിവലാണിത്.
വിനോദസഞ്ചാര വകുപ്പിനു കീഴിലുള്ള കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും ചേർന്നു പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
നൂറിലധികം അന്തർദേശീയ, ദേശീയ ഗ്ലൈഡർമാർ ഫെസ്റ്റിവലിൽ പങ്കെടുക്കും. 15 ലധികം രാജ്യങ്ങൾ ഈ സീസണിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ ലോകപ്രശസ്ത റൈഡർമാരും അന്താരാഷ്ട്ര ചാന്പ്യന്മാരും പരിപാടിയിൽ പങ്കെടുക്കും.
അമേരിക്ക, നേപ്പാൾ, ഫ്രാൻസ്, ജർമനി, ഇറ്റലി, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും ഡൽഹി, ഗോവ, മഹാരാഷ്ട്ര, ഹിമാചൽപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഫെസ്റ്റിവലിൽ പങ്കെടുക്കും.
ഭൂപ്രകൃതിയും കാറ്റിന്റെ ദിശയും പരിശോധിക്കുന്നതിനായി പൈലറ്റുമാരും ഗ്ലൈഡറുമാരും നടത്തുന്ന ട്രയൽ റണ്ണുകളും മനോഹരമായ എയർ ഷോയും കാണാൻ ആയിരക്കണക്കിനു സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. വാഗമണ്‍ കുന്നുകളിൽ നടക്കുന്ന പാരാഗ്ലൈഡിംഗ് ചാന്പ്യൻഷിപ്പ് ജനകീയമാക്കാനും ഫെസ്റ്റിവൽ ആകർഷകമാക്കാനുമുള്ള ശ്രമങ്ങൾ വകുപ്പിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നടത്തും
ഇടുക്കി: ജില്ലയിൽ പൂർത്തീകരിച്ച ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം സമയ ബന്ധിതമായി നടത്തുമെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ്. ടൂറിസം വകുപ്പിന്റെ ടാസ്ക് ഫോഴ്സ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കളക്ടർ.
വാഗമണ്ണിൽ നടക്കുന്ന അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വിവിധ ടൂറിസം പദ്ധതികളുടെ പ്രവർത്തന പുരോഗതി യോഗത്തിൽ വിലയിരുത്തി.
നിർമാണം നടന്നുവരുന്ന പദ്ധതികൾ മാർച്ചിൽ പൂർത്തിയാക്കണം. അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും കളക്ടർ ആവശ്യപ്പെട്ടു. വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. ഷൈൻ, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് എന്നിവർ പ്രസംഗിച്ചു.