കർഷകൻ വെടിയേറ്റു മരിച്ച സംഭവം: രണ്ടു തമിഴ്നാട് വനം ഉദ്യോഗസ്ഥർ അറസ്റ്റിൽ
1396784
Saturday, March 2, 2024 2:58 AM IST
കുമളി: തമിഴ്നാട്ടിൽ കർഷകൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടു തമിഴ്നാട് വനം ജീവനക്കാരെ തമിഴ്നാട് പോലീസ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ ഫോറസ്റ്റർ തിരുമുരുകൻ - (32), കുമളി സ്വദേശി ഗാർഡ് ജോർജ്കുട്ടി (ബെന്നി -55) എന്നിവരാണ് അറസ്റ്റിലായത്.
ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ (55) ഗൂഡല്ലൂരിന് സമീപം വണ്ണാത്തിപ്പാറ വനമേഖലയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ തമിഴ്നാട് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിർദേശത്തെത്തുടർന്നാണ് ഗൂഡല്ലൂരിലെ ക്വാർട്ടേഴ്സിൽനിന്ന് ഇവരെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 28ന് രാത്രിയാണ് ഈശ്വരൻ വനപാലകരുടെ സർവീസ് റിവോൾവറിൽ നിന്നു വെടിയേറ്റ് സംഭവ സ്ഥലത്തു തന്നെ മരിച്ചത്. വനത്തിൽ പരിശോധനയ്ക്കിടെ ഈശ്വരൻ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഫോറസ്റ്റർ തിരുമുരുകൻ ഈശ്വരന്റെ നെഞ്ചിലേക്ക് വെടിവയ്ക്കുകയായിരുന്നു.
മരിച്ച ഈശ്വരനോട് ഉദ്യോഗസ്ഥർക്ക് മുൻ വൈരാഗ്യമുണ്ടായിരുന്നതായി ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. വനമേഖലയോടു ചേർന്ന് മരിച്ച ഈശ്വരന് കൃഷിഭൂമിയുണ്ട്. അറസ്റ്റിലായ ജോർജ്കുട്ടി വർഷങ്ങളായി തമിഴ്നാട് വനം വകുപ്പിലെ ജീവനക്കാരനാണ്.