കാട്ടാനപ്പേടിയിൽ വളക്കോട് പാലക്കാവ്
1396790
Saturday, March 2, 2024 3:09 AM IST
ഉപ്പുതറ: ആനപ്പേടിയിൽ വളക്കോട് പാലക്കാവ് നിവാസികൾ. കാട്ടാനകൾ കാട് വിട്ട് വീടുകളുടെ സമീപത്ത് എത്തുന്നതിനാൽ പ്രദേശവാസികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ്. വന്യമൃഗശല്യത്തിനെതിരേ വനംവകുപ്പ് നടപടിയെടുക്കാമെന്ന് പറയുന്നതല്ലാതെ നടപടികൾ ഒന്നും ഉണ്ടാവുന്നില്ല.
കഴിഞ്ഞ രാത്രിയിൽ വളകോട് പാലക്കാവിൽ ആറു വീടുകൾക്കു സമീപം വരെ കാട്ടാനകൾ എത്തി. വളർത്തുനായ്ക്കൾ കുരച്ചു ബഹളം ഉണ്ടാക്കിയതിനാൽ കാട്ടാനകൾ പിൻവലിയുകയായിരുന്നു. പാലക്കാവ് കൊച്ചാനിമൂട്ടിൽ ഉഷ, പുത്തൻപുരയ്ക്കൽ ഓമന രവി, കാവക്കാട്ട് രവി, പുളിക്കക്കുന്നേൽ റോയി, കപ്പാലുമൂട്ടിൽ തങ്കച്ചൻ, പുല്ലുവേലി റിജു പോൾ എന്നിവരുടെ വീടിന് സമീപത്താണ് കാട്ടാനകൾ എത്തിയത്.
ഇവിടെ പല വീടുകളിലും സ്ത്രീകൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്. സ്ത്രീകളിൽ ഭൂരിഭാഗവും വയോജനങ്ങളുമാണ്. ഇവരുടെയെല്ലാം ജീവന് കാട്ടാനകൾ ഭീഷണിയായിരിക്കുകയാണ്. വർഷാവർഷം പ്രദേശത്തെ കർഷക കുടുംബങ്ങൾ നട്ടുപരിപാലിക്കുന്ന വിളകൾ നശിപ്പിക്കുന്നത് പതിവാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥർ കാടിനു തീയിടുന്നതാണ് കാട്ടാനകൾ വേനൽക്കാലത്ത് കൃഷിയിടങ്ങളിലും ജനങ്ങൾ താമസിക്കുന്നിടത്തും എത്തുന്നതെന്നാണ് ആരോപണം. നാശനഷ്ടമുണ്ടായാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വന്നു പോകുന്നതല്ലാതെ യാതൊരു നടപടിയുമില്ല.
കാക്കത്തോട് വനത്തിൽനിന്നാണ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തുന്നത്. വനത്തിനു ചുറ്റും സോളാർ വേലി സ്ഥാപിക്കുമെന്നുള്ള ഉറപ്പും വനം വകുപ്പ് പാലിച്ചില്ല. ഇതിനാലാണ് ആനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത്.