മുട്ടം പിഎച്ച്സിയിൽ ഡോക്ടർമാരില്ല; രോഗികൾ വലയുന്നു
1415701
Thursday, April 11, 2024 3:43 AM IST
മുട്ടം: ഡോക്ടർമാരില്ല, മുട്ടം പിഎച്ച്സിയിൽ രോഗികൾ വലയുന്നു. ദിവസേന 300-ഓളം രോഗികളെ നോക്കാൻ ഒരു ഡോക്ടർ മാത്രമാണുള്ളതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. ഇവിടെ നാലു ഡോക്ടർമാരാണ് സേവനം അനുഷ്ഠിക്കുന്നത്.
ഇതിൽ ഒരാൾ മാത്രമാണ് നിലവിൽ രോഗികളെ പരിശോധിക്കുന്നത്. മറ്റു മൂന്നുപേരിൽ ഒരാൾ പ്രസവാവധിയിലും ഒരാൾ ഡെപ്യൂട്ടേഷനിലും മറ്റൊരാൾ എമർജൻസി ലീവിലുമാണ്.
രണ്ടു ദിവസമായി ഒരു ഡോക്ടർ മാത്രമാണ് സേവനത്തിനുള്ളത്. ഒരു ഡോക്ടർമാത്രമുള്ളപ്പോൾ ഒപി രോഗികളെ പരിശോധിക്കേണ്ടിവരുന്നതിനു പുറമേ പോലീസ് കേസുകളും കൈകാര്യം ചെയ്യേണ്ടിവരുന്നുണ്ട്. ഇത് ഇരട്ടി ദുരിതമാണ് സൃഷ്ടിക്കുന്നത്.
മുട്ടത്തിനു പുറമെ സമീപപ്രദേശങ്ങളിൽനിന്നുള്ള രോഗികളും ഇവിടെ ചികിത്സക്കെത്തുന്നുണ്ട്. തിങ്കളാഴ്ച രാവിലെ ഒന്പതിനു ചികിൽസ തേടി ആശുപത്രിയിലെത്തിയ പ്രായമായ രോഗികൾക്കു പോലും വൈകുന്നേരമാണ് ഡോക്ടറെ കാണാൻ കഴിഞ്ഞത്.
അടിയന്തരമായി ഇവിടെ കൂടുതൽ ഡോക്ടർമാരെ നിയമിച്ച് രോഗികളുടെ ദുരിതത്തിനു പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.