"വീട്ടിൽ ഒരു ഇളനീർ തെങ്ങ്' പദ്ധതിയുമായി കാഡ്സ്
1415702
Thursday, April 11, 2024 3:43 AM IST
തൊടുപുഴ: ഇളനീരിന്റെ ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കാഡ്സിന്റെ നേതൃത്വത്തിൽ വീട്ടിൽ ഒരു ഇളനീർ തെങ്ങ് പദ്ധതി നടപ്പാക്കുന്നു. അഞ്ചുവർഷംകൊണ്ട് പൂർത്തിയാകുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ തൊടുപുഴ നഗരസഭയിലെ ആയിരം വീടുകളാണ് തെരഞ്ഞെടുക്കുന്നത്.
നാളികേര വികസന ബോർഡിൽനിന്നു വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയും രോഗപ്രതിരോധശേഷിയുമുള്ള സങ്കരയിനം തെങ്ങിൻതൈകളാണ് ആയിരം കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നത്. 150 രൂപ വിലയുള്ള മൂന്നാം വർഷം ഫലം ലഭിക്കുന്ന തെങ്ങിൻതൈ സൗജന്യമായാണ് നൽകുന്നത്.
മറുനാട്ടിൽനിന്നു മാരക കീടനാശിനികൾ ഉപയോഗിച്ച് കൃഷി ചെയ്ത കരിക്കാണ് ഇപ്പോൾ കൂടുതലായി വിപണിയിലെത്തുന്നത്. ഇതിന് പരിഹാരം എന്ന നിലയ്ക്കാണ് അഞ്ചുവർഷം കൊണ്ട് 10,000 തെങ്ങിൻതൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നത്. ഇതിലൂടെ തൊടുപുഴ സന്പൂർണ ഇളനീർ ലഭ്യതയുള്ള നഗരം എന്ന ലക്ഷ്യത്തിലേക്ക് എത്തും.
ആദ്യവർഷം 1000, രണ്ടാം വർഷം 1500, മൂന്നാം വർഷം 2000, നാലാം വർഷം 2500, അഞ്ചാം വർഷം 3000 തൈകളാണ് സൗജന്യ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. നഗരാതിർത്തിക്കുള്ളിൽ 10,000 വീടുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്.
തൈ നടുന്നതിനോടൊപ്പം പരിപാലന മുറകളും കീടങ്ങളിൽനിന്നുള്ള സംരക്ഷണം നേടുന്നതിനുള്ള ഉപാധികളും കർഷകർക്ക് നൽകും. തെങ്ങിന്റെ വളർച്ചയും മറ്റു മാറ്റങ്ങളും പരിശോധിക്കാൻ ഓണ്‍ലൈൻ സംവിധാനവും ഇതോടൊപ്പം ഉണ്ടാകും.
പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ 7907139152 എന്ന വാട്സ്ആപ്പ് നന്പരിൽ പേര്, വിലാസം, വീട് നന്പർ, വാർഡ് നന്പർ എന്നിവ അറിയിക്കണം. തൈകളുടെ വിതരണം പത്താമുദയത്തോടനുബന്ധിച്ചു നടക്കുമെന്ന് കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അറിയിച്ചു.