പാറ പൊട്ടിച്ചപ്പോൾ വീടിന് വിള്ളൽ
1415703
Thursday, April 11, 2024 3:43 AM IST
രാജാക്കാട്: കള്ളിമാലിയിൽ വെള്ളമെടുക്കുന്ന ഓലിയിലെ പാറ നീക്കം ചെയ്യുന്നതിനായി പാറ പൊട്ടിച്ചപ്പോൾ വീടിന് വിള്ളൽ വീണതായി പരാതി. കള്ളിമാലി കാവാട്ടുപാറയിൽ മനുവാണ് പരാതിക്കാരൻ.
ഏപ്രിൽ ഒന്നിന് ഉച്ചയ്ക്ക് ശേഷം അയൽവാസിയായ റാത്തപ്പിള്ളിൽ ജോസ് പാട്ടത്തിന് നൽകിയ പറമ്പിലെ ഓലിയിൽ വെള്ളമില്ലാത്തതിനാൽ ഓലിയ്ക്കുള്ളിലെ പാറ പൊട്ടിയ്ക്കുന്നതിനിടെ ഉഗ്രസ്പോടനം നടന്നെന്നും വീടിന്റെ ഭിത്തിയിൽ പല ഭാഗങ്ങളിലും വിള്ളൽ വീണതായും പല ഭാഗങ്ങളിലും വിള്ളലുള്ളതായും പരാതിക്കാരൻ പറയുന്നു.
2018 ലെ പ്രളയത്തിൽ വീട് തകർന്നതിനെത്തുടർന്ന് സർക്കാർ സഹായത്തോടെയാണ് പുതിയ വീട് നിർമിച്ചതെന്നും കഴിഞ്ഞ നാല് വർഷമായി ഷെഡിലാണ് കഴിഞ്ഞുകൂടിയതെന്നുമാണ് വീട്ടുകാർ പറയുന്നത്. കൂലിപ്പണി ചെയ്ത് കഴിയുന്ന തങ്ങൾക്ക് വേറെ വീട് വയ്ക്കുവാൻ മാർഗമില്ലെന്നുമാണ് മനുവിന്റെ മാതാവ് ഓമന പറയുന്നത്.
മനുവും സഹോദരൻ മനോജും മാതാവുമാണ് വീട്ടിൽ താമസിക്കുന്നത്. അയൽവാസി ജോസുമായി സംസാരിച്ചപ്പോൾ വീടിന്റെ കേടുപാടുകൾ തീർത്തുതരാമെന്ന് സമ്മതിച്ചതായും ഇതുസംബന്ധിച്ച് എഗ്രിമെന്റ് എഴുതാൻ പോയപ്പോൾ തീരുമാനം മാറ്റിയെന്നുമാണ് പറഞ്ഞത്.
ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്തിലും പോലീസിലും പരാതി നൽകി.