കാട്ടുതീ പടരുന്നു
1415917
Friday, April 12, 2024 3:44 AM IST
മറയൂർ: പശ്ചിമഘട്ട മലനിരകൾ കാട്ടുതീ വിഴുങ്ങുന്നു. മറയൂർ, മൂന്നാർ, കാന്തല്ലൂർ പഞ്ചായത്തുകളിലെ മലനിരകളിലെ നിരവധി മേഖലകളിൽ കാട്ടുതീ പടരുകയാണ്. വനഭൂമിയിലും കൃഷിഭൂമിയിലും വ്യാപകമായിട്ടാണ് കാട്ടുതീ പടരുന്നത്.
ചാനൽമേട്ടിൽ ചൊവ്വാഴ്ച തുടങ്ങിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞിട്ടില്ല. തീർത്ഥമല കോളനിയിൽ ഏക്കർ കണക്കിന് കാപ്പി, കുരുമുളക് അടക്കമുള്ള കൃഷി പൂർണമായും കത്തിനശിച്ചു. കുടിക്ക് സമീപമുള്ള കൃഷിയിടത്തിൽ ഇട്ട തീ മറ്റ് പ്രദേശങ്ങളിലേക്ക് പടരുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി കാന്തല്ലൂർ പഞ്ചായത്തിലെ തീർത്ഥമല, ചാനൽമേട് എന്നിവിടങ്ങളിലും കാട്ടുതീ പടർന്നുപിടിച്ചു. കാന്തല്ലൂരിലെ ഒള്ളവയൽ പ്രദേശത്തും തീ പടർന്നിരുന്നു. വേനൽ വരുന്നതിന് മുൻപ് കാട്ടുതീ പടരാതിരിക്കുവാനുള്ള നടപടികളെടുക്കുന്നതിൽ വനംവകുപ്പിന് വൻ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.
ആവശ്യത്തിന് ഫയർ ലൈൻ വെട്ടിയില്ല, കാട്ടുതീ നിയന്ത്രിക്കുന്നതിനുവേണ്ടി നിയമിച്ച ഫയർ ഗാംഗുകളുടെ പ്രവർത്തനങ്ങളുടെ പരാജയം, കൃഷിക്കായി നിലമൊരുക്കുന്നതിന് കൃഷിയിടത്തിൽ തീയിട്ടിട്ട് നിയന്ത്രിക്കാതെ മറ്റ് മേഖലയിലേക്ക് പടരുന്നതടക്കമുള്ള കാരണങ്ങളാണ് കാട്ടുതീ ഇത്രമാത്രം വ്യാപകമാകുന്നതിന് കാരണം.