സുലൈമാൻ റാവുത്തർ സിപിഎമ്മിൽ ചേർന്നു
1415919
Friday, April 12, 2024 3:44 AM IST
തൊടുപുഴ: ഇടുക്കി മുൻഎംഎൽഎയും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണസമിതിയംഗവുമായിരുന്ന പി.പി. സുലൈമാൻ റാവുത്തർ തത്സ്ഥാനം രാജിവച്ച് സിപിഎമ്മിൽ ചേർന്നുപ്രവർത്തിക്കാൻ തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ അറിയിച്ചു.
മൂന്നുവർഷമായി കോണ്‍ഗ്രസ് തന്നെ അവഗണിക്കുകയാണ്. കെപിസിസി പ്രസിഡന്റിനെ പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാൻ തയാറായില്ല. ഗ്രൂപ്പ് സമവാക്യങ്ങളാണ് പാർട്ടിയെ നിയന്ത്രിക്കുന്നത്. കോണ്‍ഗ്രസിൽ അസംതൃപ്തർ ഏറെയുണ്ട്. താഴെത്തട്ടിൽനിന്നു പ്രവർത്തിച്ചുവരുന്നവരെയല്ല മറിച്ച് നേതാക്കളുടെ ഇഷ്ടമനുസരിച്ചാണ് ഭാരവാഹിത്വം നൽകുന്നത്.
ഇടുക്കിയിൽ ജോയ്സ് ജോർജിന്റെ വിജയം അനിവാര്യമാണെന്നും വികസന രംഗത്ത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ജനങ്ങൾ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്, മുഹമ്മദ് ഫൈസൽ,കെ.എൽ.ജോസഫ്, വി.വി.മത്തായി എന്നിവർ പങ്കെടുത്തു.
സുലൈമാൻ റാവുത്തർ പാർട്ടി വിട്ടത് കോണ്‍ഗ്രസിനെ ബാധിക്കില്ലെന്ന്
വണ്ടിപ്പെരിയാർ: സുലൈമാൻ റാവുത്തർ പാർട്ടി വിട്ടത് കോണ്‍ഗ്രസിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് എഐസിഅംഗം അഡ്വ.ഇ.എം. ആഗസ്തി പറഞ്ഞു. സുലൈമാൻ റാവുത്തർ സിപിഎമ്മിൽ പോയത് ഗൗരവമുള്ള കാര്യമല്ല. മുന്‍പും വേറെ പാർട്ടികളിലേക്കു പോയിട്ടുള്ള അദ്ദേഹം തിരികെയെത്തിയപ്പോൾ മാന്യമായ അഭയം നൽകിയത് കോണ്‍ഗ്രസാണ്.
1972ൽ സുലൈമാൻ റാവുത്തറുടെ പൊതു പ്രവർത്തനത്തിന്റെ തുടക്കം കോണ്‍ഗ്രസിലൂടെയാണ് . കോണ്‍ഗ്രസ് പാർട്ടി അദ്ദേഹത്തിന് നൽകാവുന്ന പരിഗണനകൾ മുഴുവനും നൽകിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ റാവുത്തർ ബിജെപിയിലായിരിക്കുമെന്നും ഇ.എം.ആഗസ്തി പറഞ്ഞു.