പോലീസുകാരനെതിരേ കേസ്: യുവതിയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്തതായി പരാതി
1415922
Friday, April 12, 2024 3:53 AM IST
തൊടുപുഴ: യുവതിയെ കാറിൽ പിന്തുടർന്ന് ശല്യം ചെയ്തതായും അശ്ലീല ചേഷ്ടകൾ കാട്ടിയതായും പരാതി. സംഭവത്തിൽ കുളമാവ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ പെരിങ്ങാശേരി സ്വദേശി മർഫിക്ക് (35) എതിരേ കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാളുടെ വാഹനത്തിലാണ് സംഘം യുവതിയെ പിന്തുടർന്നതെന്ന് പോലീസിനു വിവരം ലഭിച്ചു. ഇയാൾക്കൊപ്പം എറണാകുളത്തെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലെ ജീവനക്കാരനും ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇന്നലെ പെണ്‍കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയെന്നും കരിമണ്ണൂർ സിഐ ടി.വി.ധനഞ്ജയദാസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. തൊടുപുഴയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയുള്ള യുവതി കരിമണ്ണൂർ പഞ്ചായത്ത് കവലയിൽ ബസ് ഇറങ്ങി അവിടെയുള്ള ബേക്കറിയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് നടന്നു പോകുന്പോഴാണ് ദുരനുഭവം ഉണ്ടായത്.
യുവതിയെ പോലീസുകാരനും മറ്റൊരാളും കാറിൽ പിന്തുടർന്നു. കിളിയറ റോഡിലെ പാലത്തിന്റെ സമീപം എത്തിയപ്പോൾ കാർ മുന്നിൽ കയറ്റി വട്ടം നിർത്തി. തുടർന്ന് ഡ്രൈവർ സീറ്റിലിരുന്ന് യുവതിക്കു നേരേ ഇയാൾ അശ്ലീല ചേഷ്ടകൾ കാട്ടി.
പെട്ടെന്ന് യുവതി മുന്നോട്ട് നടന്നതോടെ ഡ്രൈവർ സീറ്റിൽ നിന്ന് ഇയാൾ പുറത്തേക്ക് ഇറങ്ങിയതോടെ യുവതി പേടിച്ച് അടുത്തുള്ള കടയിൽ ഓടിക്കയറി. കടയിലുണ്ടായിരുന്നവർ ഇറങ്ങി വന്നതോടെപോലീസുകാരനും സംഘവും സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. പിന്നീട് യുവതി പിതാവിനൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസുകാരന്റെ വാഹനത്തിലാണ് യുവതിയെ പിന്തുടർന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയിൽ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്.
ഇതിൽ വ്യക്തത വരുത്തിയ ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്കു കടക്കുമെന്ന് സിഐ പറഞ്ഞു. മർഫിക്കെതിരേ വകുപ്പതല നടപടി ഉണ്ടാകുമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.