കൊടുംചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽമഴ
1416126
Saturday, April 13, 2024 2:55 AM IST
തൊടുപുഴ: കൊടുംചൂടിന് ആശ്വാസമായി ജില്ലയിൽ വേനൽമഴയെത്തി. ഇന്നലെ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ സാമാന്യം ഭേദപ്പെട്ട മഴപെയ്തത് ഏറെ ആശ്വാസമായി. ചിലയിടങ്ങളിൽ മഴയോടൊപ്പം കാറ്റുംവീശി. എന്നാൽ നാശനഷ്ടങ്ങളില്ല. നെടുങ്കണ്ടം, കാഞ്ചിയാർ, കട്ടപ്പന, രാജാക്കാട്, ചെറുതോണി, ഇടുക്കി, പൂപ്പാറ, തോപ്രാംകുടി, പാണ്ടിപ്പാറ, തങ്കമണി, അറക്കുളം, വെള്ളിയാമറ്റം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മഴ പെയ്തത്.
തൊടുപുഴയിൽ നേരിയ മഴ മാത്രമാണ് ലഭിച്ചത്. വരുംദിവസങ്ങളിലും വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. സമീപനാളിലെങ്ങുമുണ്ടാകാത്ത ചൂടാണ് ഇത്തവണ ജില്ലയിൽ അനുഭവപ്പെട്ടത്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇത്തവണ കടുത്ത ചൂട് രേഖപ്പെടുത്തി. കടുത്ത ചൂടും വേനൽമഴയിലുണ്ടായ കുറവും കാർഷിക മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. നിരവധിപ്പേരുടെ ഏലം ഉൾപ്പെടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങി. ചൂട് കൂടിയത് കാർഷികോത്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
വേനൽ കടുത്തതോടെ ജില്ലയുടെ വിവിധയിടങ്ങളിൽ കുടിവെള്ള ക്ഷാമവും അനുഭവപ്പെട്ടുതുടങ്ങി. ജലസ്രോതസുകൾ വറ്റിവരണ്ട നിലയിലാണ്. വരും ദിവസങ്ങളിൽ ഭേദപ്പെട്ട മഴ ലഭിച്ചെങ്കിൽ മാത്രമേ കാർഷികമേഖലയ്ക്ക് ഗുണകരമാകുകയുള്ളൂ.