കൊടുംവനത്തിലൂടെ ഊന്നുവടിയുമായി യാത്ര: ഒരേ ഒരു വോട്ട്; ഉദ്യോഗസ്ഥർ താണ്ടിയത് 18 കിലോമീറ്റർ
1417252
Friday, April 19, 2024 12:29 AM IST
തൊടുപുഴ: കിടപ്പു രോഗിയായ വോട്ടറുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിംഗ് ഉപകരണങ്ങളുമായി കൊടുംവനത്തിലൂടെ സഞ്ചരിച്ചത് 18 കിലോമീറ്റർ.
കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി നൂറടിയിലെ 31-ാം ബൂത്തിലെ 246-ാം നന്പർ വോട്ടറായിരുന്നു 92 കാരനായ ശിവലിംഗം. ഇവർ ബൂത്ത് ലെവൽ ഓഫീസർ വഴി വോട്ട് ചെയ്യുന്നതിനായി അപേക്ഷ നൽകിയിരുന്നു.
തുടർന്ന് ജില്ലാ ഇലക്ഷൻ വിഭാഗം ഇത് അംഗീകരിച്ച് വീട്ടിലെത്തി വോട്ട് രേഖപ്പെടുത്താൻ ഒന്പതംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ആറോടെ മൂന്നാറിൽനിന്നു പുറപ്പെട്ട ഉദ്യോഗസ്ഥ സംഘം ഇരവികുളം ദേശീയ ഉദ്യാനം വഴി പെട്ടിമുടിയിലെത്തിയ ശേഷം ഓഫ് റോഡ് സൗകര്യമുള്ള ജീപ്പുകളിൽ ഇടമലക്കുടിക്കു സമീപം കേപ്പക്കാടെത്തി.
അവിടെനിന്നു കാൽനടയായി സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. ഉരുളൻകല്ലുകൾ നിറഞ്ഞ വഴികളിലൂടെ ഏറെ പണിപ്പെട്ടാണ് ഇവർ കുടിയിലെത്തിയത്. കാട്ടുപോത്തിന്റെ കാൽപ്പാടുകളും ആനപ്പിണ്ടങ്ങളും വഴിനീളെ കണ്ടെങ്കിലും വനംവകുപ്പ് വാച്ചർമാർ കൂടെയുണ്ടായിരുന്നതാണ് ഇവർക്ക് ആശ്വാസം പകർന്നത്.
ചെങ്കുത്തായ കയറ്റങ്ങളിൽ പരസ്പരം സഹായിച്ചും ചെരുവുകളിൽ ഉൗന്നുവടിയുടെയും സഹായത്തോടെ അഞ്ചുമണിക്കൂറോളം യാത്രചെയ്തുള്ള യാത്ര സംഘാംഗങ്ങൾക്ക് മറക്കാനാവാത്ത അനുഭവമായി. ഈറ്റക്കന്പുകളും മണ്ണും ഉപയോഗിച്ച് നിർമിച്ച വീട്ടിൽ വോട്ടിംഗ് കന്പാർട്ട്മെന്റ് ഒരുക്കിയാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
മൂന്നാർ എൻജിനിയറിംഗ് കോളജിലെ അസി. പ്രഫ. ജിഷ മെറിൻ ജോസ്, മൂന്നാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക എം. ആശ, മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലെ ക്ലർക്ക് എ.വി. ഡെസിമോൾ,
ഇടമലക്കുടി വില്ലേജ് ഓഫീസർ ശ്യാം ജി.നാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ.എസ്. അഭിഷേക, സി.എൽ. ഷിബിൻദാസ്, സിവിൽ പോലീസ് ഓഫീസർ അനീഷ് കുമാർ, ഫോറസ്റ്റ് വാച്ചർമാരായ കെ. രാമൻ, ശിവസേനൻ, ബിഎൽഒ ജയകുമാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം നടപടികൾ ഡോക്യുമെന്റ് ചെയ്യുന്നതിനായി പിആർഡി ടീമും ഒപ്പമുണ്ടായിരുന്നു. ഒരു വോട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന പ്രാധാന്യമാണ് ഇടമലക്കുടി ദൗത്യത്തിലൂടെ വെളിവാകുന്നതെന്ന് ജില്ലാകളക്ടർ ഷീബ ജോർജ് പറഞ്ഞു.
ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നൂറ് ശതമാനം വോട്ടും രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. അതോടൊപ്പം ജില്ലയിലെ മുഴുവൻ വോട്ടർമാരെയും പോളിംഗ് ബൂത്തിലെത്തിക്കാൻ ശ്രമിക്കുമെന്നും കളക്ടർ പറഞ്ഞു.