കരിങ്കുന്നം, മുട്ടം പ്രദേശത്തെ പുലിഭീതിയിൽ അയവ്
1424351
Thursday, May 23, 2024 3:53 AM IST
പുലിസാന്നിധ്യമില്ല; തലവേദന ഒഴിഞ്ഞു
തൊടുപുഴ: കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളിൽ പുലി ഭീതിക്ക് നേരിയ അയവ്. ഏതാനും ദിവസമായി പുലിയെ കണ്ടതായുള്ള വിവരങ്ങൾ പുറത്തു വരാത്തതാണ് ജനങ്ങളുടെ ഭീതിയിൽ അയവു വരാനിടയാക്കിയത്. ഇതോടെ വനം വകുപ്പിന്റെ തലവേദനയും കുറഞ്ഞു.
കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലും പൊട്ടൻപ്ലാവിലും കണ്ടെത്തിയ പുലി പ്രദേശത്തുനിന്നും മാറിയതായാണ് സൂചനയെന്ന് വനംവകുപ്പുദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ നിരീക്ഷണത്തിന് അയവു വരുത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.
ഇതിനിടെ പുലിയുടെ കാൽപ്പാട് കണ്ടതായി ചിലയിടങ്ങളിൽനിന്നു വിവരം ലഭിച്ചെങ്കിലും വനംവകുപ്പിന്റെ പരിശോധനയിൽ ഇതു പുലിയുടേതല്ലെന്നു വ്യക്തമായി. നിലവിൽ വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന മൂന്നു കാമറകളിലും പിന്നീട് പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല. ഇല്ലിചാരി, പൊട്ടൻപ്ലാവ്, മലങ്കര എസ്റ്റേറ്റ് എന്നിവിടങ്ങളിലാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചിരിക്കുന്നത്.
ഇതിൽ ഇല്ലിചാരിയിലും പൊട്ടൻപ്ലാവിലും സ്ഥാപിച്ച കാമറകളിൽ പുലിയുടെ ചിത്രം ലഭിച്ചിരുന്നു. തൊടുപുഴ നഗരസഭയിൽ ഉൾപ്പെടുന്ന മഞ്ഞുമാവിലും പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
നിലവിൽ പൊട്ടൻപ്ലാവിലാണ് പുലിയെ കുടുക്കാൻ കൂടു സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ എല്ലാ ദിവസവും ഭക്ഷണവും മാറ്റിയിടുന്നുണ്ട്. നേരത്തേ ചത്ത കോഴിയെയാണ് ഇതിൽ ഇട്ടിരുന്നത്. ഇപ്പോൾ പോത്തിന്റെ കാലും പുലിയെ ആകർഷിക്കാൻ ഇടുന്നുണ്ട്.
ഇതിനു പുറമെ ഇതിനോട് ചേർന്ന് സജ്ജമാക്കിയിരിക്കുന്ന മറ്റൊരു കൂട്ടിൽ ആടിനെയും നായയെയും ഇട്ട് പുലിയെ വരുത്താനും ശ്രമിക്കുന്നുണ്ട്. എന്നാൽ അടുത്ത നാളുകളിൽ കൂടിന്റെ പരിസര പ്രദേശങ്ങളിലൊന്നും പുലിയുടെ സാന്നിധ്യമുണ്ടായിട്ടില്ല. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലും അന്പലപ്പടിയിലുമാണ് ആദ്യം പുലിയുടെ സാന്നിധ്യമുണ്ടായത്.
ഇവിടെ ആടിനെയും നായ്ക്കളെയും ഉൾപ്പെടെ ഒട്ടേറെ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊന്ന അജ്ഞാത ജീവി പുലിയാണെന്ന നാട്ടുകാരുട പരാതിയെത്തുടർന്നു വനംവകുപ്പ് ഇവിടെ നിരീക്ഷണ കാമറ സ്ഥാപിച്ചു.
ഇതിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെയാണ് നാട് ഭീതിയിലായത്. പിന്നീട് വിവിധ മേഖലകളിൽ പുലിയുടെ സാന്നിധ്യമുണ്ടായി. വളർത്തുമൃഗങ്ങൾക്കു പുറമേ കുറുക്കൻമാരെയും പുലി ആക്രമിച്ച് ഭക്ഷണമാക്കി.
ഇല്ലിചാരിക്കു പുറമേ ഇതിനു സമീപത്തെ പൊട്ടൻപ്ലാവ്, തൊടുപുഴ നഗരസഭയിലെ മഞ്ഞുമാവ്, മുട്ടം പഞ്ചായത്തിലെ പഴയമറ്റം, മലങ്കര എന്നിവിടങ്ങളിലും പുലിയെത്തിയതായാണ് വിവരം. ഇതോടെ പുലിയെ പിടി കൂടണമെന്നാവശ്യപ്പെട്ടു ജനകീയ പ്രതിഷേധവും പല മേഖലകളിൽ നിന്നും ഉയർന്നു.
ഇതെത്തുടർന്നു പുലിയെ കുടുക്കാൻ കൂടുതൽ കൂടും കാമറകളും സ്ഥാപിക്കുമെന്ന് ഇതുമായി ബന്ധപ്പട്ട് ചേർന്ന യോഗങ്ങളിൽ വനംവകുപ്പുദ്യോസ്ഥർ പറഞ്ഞെങ്കിലും ഇക്കാര്യങ്ങളിലൊന്നും നടപടിയുണ്ടായില്ല.
നിലവിൽ പുലിയെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും സ്കൂളുകളും മറ്റും തുറക്കാറായതോടെ പുലിയുടെ സാന്നിധ്യം ഉണ്ടായ മേഖലകളിലെ ജനങ്ങൾ ആശങ്കയിലാണ്.