ധീരവ് യാത്രയായി: കണ്ണീരോടെ യാത്രാമൊഴിയേകി നാട്
1424356
Thursday, May 23, 2024 3:53 AM IST
പന്നിമറ്റം: കഴിഞ്ഞ ദിവസം വരെ കളിച്ചും ചിരിച്ചും കുസൃതികാട്ടിയും ഓടി നടന്ന വീട്ടുമുറ്റത്തേക്ക് നാലു വയസുകാരൻ ധീരവ് ഒരിക്കൽകൂടിയെത്തി. ചേതനയറ്റ നിലയിലാണ് ആ പിഞ്ചു ശരീരം പൂമാല കൂവക്കണ്ടത്തെ പണി തീരാത്ത വീട്ടിലേക്കെത്തിയത്.
കൂവക്കണ്ടം നിവാസികളെ ഒന്നാകെ കണ്ണീർക്കയത്തിലാഴ്ത്തി ഇന്നലെ ധീരവ് ബന്ധുക്കളോടും നാട്ടുകാരോടും യാത്രാമൊഴി ചൊല്ലി. മൃതദേഹം സംസ്കാരത്തിനായി വീട്ടിലെത്തിച്ചപ്പോൾ നാടൊന്നാകെ സങ്കടക്കടലിലായി.
വെള്ളിയാമറ്റം കൂവക്കണ്ടം മുണ്ടാട്ടുചുണ്ടയിൽ വൈഷ്ണവിന്റെയും ഷാലുവിന്റെയും മകനായ ധീരവ് കുളത്തിൽ വീണാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് ദുരന്തമുണ്ടായത്. വീടിനടുത്തുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ കുളത്തിലാണ് മുങ്ങിമരിച്ചത്. വല്യമ്മ ജാൻസിയോടൊപ്പം പശുവിനെ തീറ്റാൻ പോയതായിരുന്നു ധീരവ്.
കുട്ടിയെ പറന്പിൽ നിർത്തിയ ശേഷം പശുവിനെ കെട്ടാനായി വല്യമ്മ പോയി. മടങ്ങിയെത്തിയപ്പോൾ ധീരവിനെ കണ്ടില്ല. കുട്ടി വീട്ടിലേക്ക് പോയെന്നു കരുതി ഇവർ മടങ്ങി. എന്നാൽ വീട്ടിൽ കാണാത്തതിനെ തുടർന്നു തിരികെ വന്ന് അന്വേഷിച്ചപ്പോൾ ചെരിപ്പ് കുളക്കരയിൽ കണ്ടു.
ഇവർ ബഹളം വച്ചതിനെ തുടർന്ന് സമീപത്ത് തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടിയെത്തി കുട്ടിയെ കുളത്തിൽ നിന്നു പുറത്തെടുത്ത് ഉടൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചപ്പു ചവറു മൂടിക്കിടന്ന കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു.
ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്കരിച്ചു. പന്നിമറ്റം ജയ് റാണി കിൻഡർ ഗാർട്ടനിലെ വിദ്യാർഥിയായിരുന്ന ധീരവിനെ കാണാൻ സഹപാഠികളായ കുരുന്നുകളും നാട്ടുകാരും എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് മെംബർ എം.ജെ ജേക്കബ് ഉൾപ്പെടെ ജനപ്രതിനിധികളും അന്ത്യോപചാരമർപ്പിച്ചു.