സ്കൂൾ തുറക്കൽ: ഒരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു
1424358
Thursday, May 23, 2024 3:53 AM IST
തൊടുപുഴ: പുതിയ അധ്യയനവർഷം അടുത്തെത്തിയതോടെ സ്കൂളുകളിലേക്ക് വിദ്യാർഥികളെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കുന്ന ജോലികളും മഴക്കാലപൂർവ ശുചീകരണവും വേഗത്തിൽ നടന്നുവരികയാണ്. പ്രവേശനോത്സവത്തിനു മുന്നോടിയായി ഈ മാസം 27നുമുന്പ് സ്കൂളുകളിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
സ്കൂളുകൾ തുറക്കുന്നതിനു മുൻപുതന്നെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അതത് തദ്ദേശ സ്ഥാപനങ്ങളിൽനിന്നു വാങ്ങി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. മിക്ക സ്കൂളുകളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. സ്കൂൾ കെട്ടിടങ്ങളുടെ പെയിന്റിംഗ്, ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കൽ എന്നിങ്ങനെയുള്ള ജോലികൾ പല സ്കൂളുകളിലും പൂർത്തിയായി വരുന്നു.
കിണർ, ടാങ്ക് ശുചീകരണം, കാടു തെളിക്കൽ തുടങ്ങി പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും മുറിച്ചുനീക്കൽ എന്നിങ്ങനെ വിവിധ ജോലികൾ ഇനിയും പൂർത്തിയാകാനുണ്ട്.
രണ്ടു മാസമായി അടഞ്ഞുകിടക്കുന്നതിനാൽ സ്കൂൾ കെട്ടിടങ്ങളിൽ ഇഴജന്തുക്കൾ വാസമുറപ്പിച്ചിട്ടില്ലെന്നും ഉറപ്പാക്കണം. തുറക്കുന്നതിനു മുന്നോടിയായി 25 മുതൽ 29 വരെ ഡിഇഒ, എഇഒമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെ സ്കൂളുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തും.
മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ട്. ജൂണ് മൂന്നിനു പ്രവേശനോത്സവം ഉത്സവ പ്രതീതിയോടെ നടത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. ഒന്നാം വാല്യ പാഠപുസ്തകങ്ങൾ സ്കൂൾ സൊസൈറ്റികളിൽ എത്തിച്ചതായും പ്രവേശനോത്സവ ദിവസംതന്നെ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.