തൂവല്‍ അരുവിയിലെ പാറക്കെട്ടുകള്‍ പൊട്ടിക്കാൻ നീക്കം: പ്രതിഷേധവുമായി നാട്ടുകാർ
1424359
Thursday, May 23, 2024 3:53 AM IST
നെടുങ്കണ്ടം: പ്രശസ്തമായ തൂവല്‍ അരുവിയിലെ പാറക്കെട്ടുകള്‍ പൊട്ടിക്കാൻ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് നീക്കം തുടങ്ങി. അപകടക്കയങ്ങള്‍ പാറ പൊട്ടിച്ച് നികത്തി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ വിശദീകരണം.
ജില്ലയില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍നിന്നു സൗന്ദര്യം ആസ്വദിക്കാവുന്ന ഏക ജലപാതമാണ് തൂവല്‍ അരുവി. വേനല്‍ക്കാലത്ത് ശുഷ്കിക്കുകയും മഴക്കാലത്ത് രൗദ്രഭാവം പൂണ്ട് സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയും ചെയ്യുന്ന വെള്ളച്ചാട്ടമാണ് ഇത്. 500 അടി താഴ്ചയിലേക്കു വെള്ളം കുത്തിയൊലിച്ച് പതിക്കുന്നത് കാണുവാന്‍ സീസണില്‍ നൂറുകണക്കിനു സഞ്ചാരികളാണ് എത്തുന്നത്.
എന്നാൽ അന്യദേശങ്ങളില്നിന്നെത്തുന്നവര് അപകടത്തില്‍പ്പെടുന്നതും ഇവിടെ പതിവാണ്. ഏതാനും വര്‍ഷത്തിനിടയില്‍ 14 പേരുടെ ജീവനാണ് തൂവല്‍ അരുവി കവര്‍ന്നത്. ഇതോടെ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണച്ചുമതലയുള്ള നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനെതിരേ വ്യാപക പരാതികളും ഉയര്‍ന്നു.
സുരക്ഷ ഒരുക്കാന്‍ ഗ്രാമപഞ്ചായത്ത് തയാറാകുന്നില്ല എന്നതാണ് പ്രധാന ആരോപണം. തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെടുകയും ഗ്രാമപഞ്ചായത്തിനോട് അടിയന്തര നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് മേയ് ഏഴിനു ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും നേതൃത്വത്തിലുള്ള സംഘം ഇവിടെ സന്ദര്‍ശനം നടത്തി. ഈ സന്ദര്‍ശനത്തിലാണ് പാറ പൊട്ടിച്ച് ആളുകള്‍ അപകടത്തില്‍പ്പെടുന്ന കുഴികളില്‍ നിറയ്ക്കുവാന്‍ തീരുമാനമെടുത്തത്.
ഇതേ സമയം നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തി. പദ്ധതി നടപ്പിലാക്കുമ്പോള്‍ സ്വാഭാവിക കുഴികളില്‍ തങ്ങാന്‍ കഴിയാത്ത വെള്ളം തീരത്തേക്കു കൂടുതല്‍ കവിഞ്ഞ് ഒഴുകുമെന്നും വെള്ളപ്പൊക്കം ഉണ്ടാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്താതെയുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
മരംമുറി, മണല്‍വാരല്‍, പാറപൊട്ടിക്കല്‍ ലോബികള്‍ക്ക് മാത്രമേ ഇതിന്റെ ഗുണം ലഭിക്കൂ എന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
പൊട്ടിച്ച് നികത്തുന്ന പാറക്കഷണങ്ങള്‍ ഒഴുകിപ്പോവാന്‍ ശക്തിയുള്ള ഒഴുക്കാണ് ജൂണ്‍ - ജൂലൈ മാസത്തിലൊക്കെ ഉണ്ടാവുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. പാറ പൊട്ടിക്കല്‍ നടപടികളുമായി മുന്നോട്ടു വന്നാല്‍ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തരും നാട്ടുകാരും നല്കുന്ന മുന്നറിയിപ്പ്.
എന്നാല്‍ പ്രതിഷേധം ശക്തമാകുമ്പോഴും തീരുമാനവുമായി മുന്നോട്ടു പോകാനാണ് ഗ്രാമപഞ്ചായത്തിന്റെ നീക്കം.