മണിമരുത് പൂക്കും കാലം
1424555
Friday, May 24, 2024 3:42 AM IST
രാജകുമാരി: ഹൈറേഞ്ചിന്റെ വഴിത്താരകളിലും ആരാധനാലയങ്ങളുടെ മുറ്റങ്ങളിലുമെല്ലാം ഇപ്പോൾ മണിമരുതുകൾ പൂക്കുന്ന കാലമാണ്. ഈസ്റ്റേൺ ഏഷ്യയിലും സൗത്ത് ഈസ്റ്റിലും മറ്റും കണ്ടുവരുന്ന മണിമരുതിനു പൂമരുത് എന്നും പേരുണ്ട്. ലാഗർ സ്റ്റോനിയ റെജനി എന്നതാണ് ഇതിന്റെ ശാസ്ത്രീയ നാമം.
സമുദ്ര നിരപ്പിൽനിന്ന് 1,200 മീറ്റർ ഉയരമുള്ള ഇടങ്ങളിലും നിത്യഹരിത വനങ്ങളുടെ അരികുകളിലും തുറസായ ഇടങ്ങളിലുമാണ് ഇവ കൂടുതലായി വളരുന്നത്. ഇല കൊഴിയുന്ന അർധ നിത്യഹരിത വനങ്ങളിലും ഇവ വിരളമായി കാണപ്പെടുന്നുണ്ട്.
ഏപ്രിൽ മുതലാണ് ഇതിന്റെ പൂക്കാലം ആരംഭിക്കുന്നത്. പൂക്കൾക്ക് ആറു വീതം ദളങ്ങളും ബാഹ്യദളങ്ങളുമാണുള്ളത്. അഞ്ചിൽപ്പരം നിറങ്ങളിലായി ഇതിന്റെ പൂക്കളുണ്ട്.
പൂക്കൾ കുലകുത്തി ഉണ്ടാകുന്നതിനാൽ ഇതിന്റെ ഭംഗി ഏറെ ആസ്വാദ്യകരമാണ്. എത്ര രൂക്ഷമായ വേനലിലും ശാഖകളിൽ നിറഞ്ഞുകവിയുന്ന പൂക്കളാണ് മണിമരുതിന്റെ പ്രത്യേകത.
ലാവണ്ടർ ഷെയ്ഡ് ഉള്ള വയലറ്റ് നിറങ്ങളാണ് സാധാരണയായി ഹൈറേഞ്ച് മേഖലയിൽ കൂടുതലായി കാണപ്പെടുന്നത്.