സിന്തറ്റിക് ലഹരിയിലേക്ക് പുതുതലമുറ: ലഹരിയുടെ ഹബ്ബായി തൊടുപുഴ
1424560
Friday, May 24, 2024 3:42 AM IST
തൊടുപുഴ: ലഹരി വിൽപ്പനയുടെ ഹബ്ബെന്ന പേരുദോഷം മാറാതെ തൊടുപുഴ നഗരം. സ്കൂൾ, കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടു ലഹരി മാഫിയ നഗരത്തിലും പരിസര പ്രദേശങ്ങളിലും പിടി മുറുക്കുകയാണ്.
ലഹരി സംഘങ്ങളെ കുടുക്കാൻ എക്സൈസും പോലീസും ഡാൻസാഫ് ടീമും ഉൾപ്പെടെ നിതാന്ത പരിശ്രമം നടത്തുന്നതിനിടയിലും ലഹരി വ്യാപാരം നഗരത്തിൽ തഴച്ചുവളരുകയാണ്. ദിനംപ്രതി കഞ്ചാവ്, ലഹരി കേസുകൾ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനേക്കാൾ പതിൻമടങ്ങായാണ് വീണ്ടും കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെയുള്ള ലഹരി മരുന്നുകളുടെ വിൽപന.
പോലീസിനെ വെല്ലുവിളിച്ച് ലഹരിസംഘം
ബുധനാഴ്ച രാത്രി ലഹരി കൈമാറ്റം നടത്തുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തിനു നേരേ മുളകു സ്പ്രേ എറിഞ്ഞാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇവർ ഉപേക്ഷിച്ചു പോയ ഒന്നര കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഏതാനും ദിവസം മുന്പ് എംഡിഎംഎയുമായി പിടിയിലായത് പെരുന്പിള്ളിച്ചിറ കറുക ഭാഗങ്ങളിൽ വീടും അപ്പാർട്ടുമെന്റും മറ്റും വിദ്യാർഥികൾക്ക് വാടകയ്ക്കു നൽകുന്നയാളാണ്.
കൈതക്കോട് മുണ്ടുപറന്പിൽ അമ്മാസ് എന്ന് വിളിക്കുന്ന ഹമ്മദ് ജബാറാണ് പോലീസ് പിടിയിലായത്. വീടുകൾ വാടകയ്ക്കു നൽകുന്നതിന്റെ മറവിൽ ലഹരി വിൽപ്പനയായിരുന്നു ഇയാളുടെ പ്രധാന പരിപാടി. ഇതിനു മുന്പ് കാപ്പക്കേസിലെ പ്രതിയും തൊടുപുഴയിൽ കഞ്ചാവുമായി പിടിയിലായി. പാലാ പ്രവിത്താനം ഒരപ്പൂഴിക്കൽ അനിറ്റ് സിബി(21) യെയാണ് 1.200 കിലോ കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ചിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച അരക്കിലോ കഞ്ചാവുമായി കാളിയാർ പാറപ്പള്ളിൽ മുഹമ്മദ് ഹിലാലിനെ (29) എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിൽ ചെറുതും വലുതുമായ ഒട്ടേറെ ലഹരി കേസുകൾ പോലീസും എക്സൈസും ചേർന്ന് അടുത്ത നാളിൽ പിടി കൂടി.
തൊടുപുഴയിലെ ലഹരി വിൽപ്പനയുടെ പ്രധാന കണ്ണിയായ ബസുടമയെ ഏതാനും ദിവസം മുന്പ് കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. ഒട്ടേറെ ലഹരി കേസുകളിൽ ഉൾപ്പെട്ട ഇയാൾ പോലീസിനെയും എക്സൈസിനെയും വെല്ലുവിളിച്ചാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്.
സിന്തറ്റിക് ലഹരിയോട് ഭ്രമം കൂടുതൽ
കുറഞ്ഞ അളവിൽപ്പോലും വലിയ വില ലഭിക്കുന്നതിനാലും കടത്താൻ എളുപ്പമായതിനാലുമാണ് പിടിക്കപ്പെടുന്നവർ വീണ്ടും ഈ രംഗത്തേക്കിറങ്ങാൻ കാരണം. പെണ്കുട്ടികൾ വരെ ലഹരി കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. ലഹരിക്കടിപ്പെടുന്നവർ ഇതു ലഭിക്കാനായി ഏതു മാർഗവും സ്വീകരിക്കും.
കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽനിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എംഡിഎംഎ, എൽഎസ്ഡി സ്റ്റാന്പ് എന്നിവ പോലുള്ള സിന്തറ്റിക് ലഹരികളാണ് വിൽപ്പനയ്ക്കെത്തുന്നത്.
ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്. ന്യൂജൻ ലഹരികൾക്കു പ്രത്യേക മണവും ഇല്ലാത്തതിനാൽ ഇത് ഉപയോഗിച്ചാൽ തിരിച്ചറിയാനും പലപ്പോഴും കഴിയാറില്ല.
ഗുരുതര ഭീഷണി
ഒരു തവണ ഉപയോഗിച്ചാൽ തന്നെ ഇതിന് അടിമപ്പെടുകയും ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് ഇല്ലാതാകുകയും ചെയ്യുമെന്നു വിദഗ്ധർ പറയുന്നു. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം.
ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ എംഡിഎംഎ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ വേഗം ഇതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന മാനസികാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിനായി പണം കണ്ടെത്താൻ പലപ്പോഴും ലഹരിക്കച്ചവടമോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യും.
പിടികൂടിയ ലഹരി
ജനുവരി ഒന്നു മുതൽ മേയ് 22 വരെ ജില്ലയിൽ പിടികൂടിയത് 24.5 കിലോ കഞ്ചാവ്, 45 കഞ്ചാവ് ചെടികൾ, 0.125 ഗ്രാം ഹെറോയിൻ, 14.262 ഗ്രാം ഹാഷിഷ് ഓയിൽ, 0.714 ഗ്രാം എംഡിഎംഎ, 0.037 ഗ്രാം എൽഎസ്ഡി , 6.5 ഗ്രാം ചരസ്, 7.704 മെത്താംഫിറ്റമിൻ എന്നിവയാണ്.
കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ചെറുതോണി: കാറിൽ കടത്തിക്കൊണ്ടുവന്ന 14.5 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ഇടുക്കി ഗാന്ധിനഗർ കോളനി സ്വദേശി കാരക്കാട്ട് പുത്തൻവീട്ടിൽ അനീഷ് (36), തങ്കമണി പുഷ്പഗിരി സ്വദേശി കലയത്തിങ്കൽ സാബു (53) എന്നിവരാണ് പിടിയിലായത്.
എക്സൈസ്എൻഫോഴ്സ്മെന്റ് മേധാവി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ചേലച്ചുവട്ടിൽനിന്നു കാറിൽ കടത്താൻ ശ്രമിച്ച ആറു കിലോ കഞ്ചാവുമായി കാർ ഡ്രൈവർ സാബു പിടിയിലായി. ഇയാളെ ചോദ്യം ചെയത്പ്പോൾ അനീഷിന്റെ ഗാന്ധിനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.500 കിലോ കഞ്ചാവും കണ്ടെടുത്തു.
ആന്ധ്രയിൽനിന്ന് ഇടുക്കിയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന കഞ്ചാവാണിത്. കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്ത അനീഷിനെ കോടതി 60 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പുറത്തിറങ്ങിയ ഇയാൾ വീണ്ടും കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു.
ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ അബ്ദുൾ വഹാബ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബി.രാജ്കുമാർ, ഷാജി ജയിംസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടി.എ. അനീഷ്, കെ.എൻ. സിജുമോൻ, ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സോബിൻ മാത്യു,
ആൽബിൻ ജോസ്, വനിത സിവിൽ എക്സൈസ് ഓഫീസർ സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.