കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു
1424563
Friday, May 24, 2024 3:42 AM IST
ഉപ്പുതറ: കണ്ണംപടി വനമേഖലയിലെ കിഴുകാനം, വൻമാവ്, മുത്തംപടി പ്രദേശത്ത് കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. മക്കനാനിക്കൽ രാജപ്പൻ, നെല്ലിക്കൽ ബിജു, ഒറ്റപ്ലാക്കൻ സന്തോഷ്, പുന്നക്കൽ സിബി, പുത്തൂർ ജോസ്, പുലികുഴിക്കൽ ടോമി, കുഞ്ഞുമോൻ, മംഗലത്തിൽ അനീഷ്, ലീലാമ്മ, നെല്ലിമൂട്ടിൽ മോഹനൻ, കരിന്പിക്കൽ പങ്കജാഷി, ബിജു, വേലിക്കൽ തങ്കപ്പൻ, സജി എന്നിവരുടെ സ്ഥലത്താണ് കാട്ടാനക്കൂട്ടം കൃഷി നാശമുണ്ടാക്കിയത്.
ഏലം, തെങ്ങ്, കവുങ്ങ്, കുമുളക്, ജാതി, തുടങ്ങിയ കൃഷികളാണ് ബുധനാഴ്ച രാത്രിയിൽ കാട്ടാന നശിപ്പിച്ചത്. വാഴ, കപ്പ ഉൾപ്പെടെയുള്ള തന്നാണ്ടു കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം കർഷകർക്ക് ഉണ്ടായത്. ആന കൃഷിയിടത്തിൽ എത്തിയാൽ പടക്കം പൊട്ടിച്ചും പാട്ടകൊട്ടി ബഹളം വച്ചും തുരത്തുകയാണ് പതിവ്.
എന്നാൽ, ബുധനാഴ്ച രാത്രിയിൽ ശക്തമായ മഴ ഉണ്ടായതിനാൽ ആനക്കൂട്ടം എത്തിയ വിവരം വീട്ടുകാർ അറിഞ്ഞില്ല. കാട്ടാനക്കൂട്ടം വനാതിർത്തിയിൽ തന്പടിച്ചിരിക്കുന്നത് കർഷകരുടെ ഉറക്കം കെടുത്തുകയാണ്.
കൃഷിയിടത്തിൽ വന്യമൃഗങ്ങൾ പ്രവേശിക്കാതിരിക്കുവാൻ വനം വകുപ്പ് മുൻപ് സ്ഥാപിച്ച വൈദ്യുതി വേലി തകർന്നുകിടക്കുകയുമാണ്. കൃഷിനാശത്തിന് നൽകുന്ന അപേക്ഷയിൽ കൃത്യമായ പരിശോധനയോ നഷ്ടപരിഹാരമോ ഉണ്ടാകുന്നില്ലന്നും കർഷകർ പറഞ്ഞു.