തങ്കമണി പോലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ: യുവാക്കൾക്കെതിരേ കേസെടുത്തു; യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നു
1424564
Friday, May 24, 2024 3:48 AM IST
കട്ടപ്പന/ ചെറുതോണി: അനധികൃതമായി യുവാക്കളെ അറസ്റ്റു ചെയ്തുവെന്നാരോപിച്ച് നാട്ടുകാരും കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകരും തങ്കമണി പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. രാത്രിയിലും പിരിഞ്ഞുപോകാൻ നാട്ടുകാർ തയാറായിട്ടില്ല.
തങ്കമണി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഇരട്ടയാർ ഇടിഞ്ഞമല ജംഗ്ഷനിലെ വെയ്റ്റിംഗ് ഷെഡിൽ നിന്നിരുന്ന യുവാക്കളിൽ ഒരാളുടെ കൈവശം പൊട്ടിക്കാത്ത ഒരുകുപ്പി മദ്യം പോലീസ് പിടികൂടിയതുമായി ബന്ധപ്പെട്ടാണ് സംഭവം അരങ്ങേറുന്നത്. സർക്കാരിന്റെ മദ്യക്കടയിൽനിന്നു വാങ്ങിയ മദ്യം പൊതു സ്ഥലത്തു കുടിക്കാൻ ഒരുക്കങ്ങൾ നടത്തിയെന്നാണ് തങ്കമണി പോലീസ് സബ് ഇൻസ്പെക്ടർ പറയുന്നത്.
മദ്യം കൈവശം വച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ് ജീപ്പിൽ കയറ്റിയതു നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരട്ടയാർ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട് പോലീസിനോട് വിവരം ആരാഞ്ഞപ്പോൾ എസ്ഐ റെജിയുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ആക്രമിച്ചതായും ആരോപണമുണ്ട്.
അപ്പോൾ റെജിയോടൊപ്പമുണ്ടായിരുന്ന യൂത്തുകോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ആനന്ദ് തോമസിനെ വാഴവരയിലുള്ള വീട്ടിൽനിന്ന് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് കൈയിൽ വിലങ്ങിട്ട് തങ്കമണി പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നതോടെയാണ് നാട്ടുകാരും കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തിറങ്ങിയത്.
ഇതോടെ പോലീസും നാട്ടുകാരും തമ്മിലുള്ള തർക്കം രൂക്ഷമായി. പോലീസിനെ തടഞ്ഞുവച്ചതുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് ആനന്ദിനെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കോണ്‍ഗ്രസ്, യൂത്തുകോണ്‍ഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.