മലങ്കര ഡാമിന്റെ നാലു ഷട്ടറുകൾ തുറന്നു
1424566
Friday, May 24, 2024 3:48 AM IST
മുട്ടം: ജലനിരപ്പ് നിയന്ത്രിച്ച് നിർത്തുന്നതിന്റെ ഭാഗമായി മലങ്കര ഡാമിന്റെ നാലു ഷട്ടറുകൾ ഉയർത്തി കൂടുതൽ വെള്ളം തുറന്നു വിട്ടു. രണ്ട്, നാല്, അഞ്ച്, ആറ് നന്പർ ഷട്ടറുകൾ 80 സെന്റീമീറ്റർ വീതമാണ് തുറന്നുവിട്ടിരിക്കുന്നത്.
തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തീരങ്ങളിലുള്ളവർക്ക് ജില്ലാ ഭരണ കൂടം ജാഗ്രത നിർദേശം നൽകി. മഴശക്തമായതിനെത്തുടർന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതിനാലാണ് ഷട്ടറുകൾ ഉയർത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി അണക്കെട്ടിലെ രണ്ടു ഷട്ടറുകൾ ഉയർത്തിയിരുന്നു. 40.42 മീറ്ററാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. 123.0368 ഘന മീറ്റർ വെള്ളമാണ് തൊടുപുഴയാറ്റിലേക്ക് ഒഴുക്കി വിടുന്നത്.
മഴ ശക്തമായതിനെത്തുടർന്ന് അണക്കെട്ടിൽനിന്നുള്ള രണ്ട് കനാലിലൂടെയും വെള്ളം കടത്തി വിടുന്നത് 22 മുതൽ താത്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. മലങ്കര അണക്കെട്ടിലെ മിനി ജലവൈദ്യുത പദ്ധതിയിൽ ഇന്നലെ 67650 യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.
വൈദ്യുതി ഉത്പാദനത്തിന് ശേഷം 50.08 ഘന മീറ്റർ വെള്ളമാണ് തൊടുപുഴയാറ്റിലേക്ക് ഒഴുക്കി വിടുന്നത്. മൂന്ന് ജനറേറ്ററുകളിൽ രണ്ട് ജനറേറ്ററുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.