വിവാഹത്തിന്റെ 81-ാം വാർഷിക നിറവിൽ ദന്പതികൾ
1424754
Saturday, May 25, 2024 3:48 AM IST
ഇരട്ടയാർ: വിവാഹത്തിന്റെ 81-ാം വാർഷികം ആഘോഷിക്കുകയാണ് 103 ഉം 98 ഉം വയസുള്ള ദന്പതികൾ. ഇരട്ടയാർ നാങ്കുതൊട്ടി പൗവത്ത് പി.വി. ആന്റണി ( പാപ്പച്ചൻ) - ക്ലാരമ്മ ദന്പതികളാണ് ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കുന്നത്. 1943 ഫെബ്രുവരി രണ്ടിനു കോട്ടയം ജില്ലയിലെ എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിലായിരുന്നു ഇവരുടെ വിവാഹം.
1953ൽ ഹൈറേഞ്ചു കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ കുടിയേറിയ കുടുംബത്തിൽ ഇന്നു മക്കളും മരുമക്കളും കൊച്ചുമക്കളുമായി 84 അംഗങ്ങളുണ്ട്. 29ന് നാങ്കുതൊട്ടി സെന്റ് ജോർജ് പള്ളിയിൽ ഇവർ വിവാഹ വാർഷികം ആഘോഷിക്കും.
രാവിലെ 10ന് വിശുദ്ധ കുർബാനയോടെയാണ് ആഘോഷങ്ങളുടെ തുടക്കം. തുടർന്നു നടക്കുന്ന അനുമോദന യോഗത്തിൽ കുടുംബത്തിന്റെയും പാപ്പച്ചൻ ചേട്ടന്റെ പൊതുപ്രവർത്തനങ്ങളുടെയും ചരിത്രം അനാവരണം ചെയ്യുന്ന പുസ്തകവും പ്രകാശനം ചെയ്യും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ പുസ്തക പ്രകാശനം നിർവഹിക്കും.
കുടിയേറ്റത്തിന്റെ കഷ്ടതകളിലും വല്ലായ്മകളിലും ഇരട്ടയാറിന്റെ സാമൂഹ്യ വികസനത്തിൽ നിസ്വാർഥ സേവനം നടത്തിയതിന്റെ മനസിലെ തഴന്പാണ് പാപ്പച്ചൻ ചേട്ടന്റെ മുഖമുദ്ര. ഇരട്ടയാറിന്റെ ഭൗതിക സൗകര്യ വികസനത്തിനായി പ്രവർത്തിച്ച പ്രമുഖരിലൊരാളാണ് ഇദ്ദേഹം. ഏഴു വർഷം ഇരട്ടയാർ പഞ്ചായത്ത് അംഗവുമായിരുന്നു പാച്ചൻചേട്ടൻ.
ഇപ്പോഴത്തെ മലനാട് കാർഷിക ഗ്രാമ വികസനബാങ്കിന്റെ (ഭൂപണയ ബാങ്ക്) രൂപീകരണത്തിലും മുഖ്യ പങ്കാളിയായിരുന്ന ഇദ്ദേഹം ബാങ്ക് ഭരണസമിതി അംഗവുമായി ദീർഘകാലം പ്രവർത്തിച്ചു. ഇരട്ടയാറിൽ വൈദ്യുതി എത്തിക്കുന്നതിനായി നടത്തിയിട്ടുള്ള തിരുവനന്തപുരം യാത്രകളാണ് ജീവിതത്തിൽ ഏറെ നടത്തിയിട്ടുള്ള യാത്രയെന്ന് പാപ്പച്ചൻ ചേട്ടൻ ഇപ്പോഴും പറയും.
വാഴവര സെന്റ് മേരീസ് യുപിസ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡുചെയ്യാൻ നടത്തിയിട്ടുള്ള യാത്രകളും ശ്രമങ്ങളും മറക്കാതെയുണ്ട്. ഇരട്ടയാർ ഡാം നിർമാണവുമായി ബന്ധപ്പെട്ട് ആളുകളെ കുടിയൊഴിപ്പിക്കേണ്ടി വന്നപ്പോൾ അവർക്കു നഷ്ടപരിഹാരം നേടിയെടുക്കുന്നതിനും മറ്റുമായി നടത്തിയ സമരങ്ങളിലും ചർച്ചകളിലും ഇദ്ദേഹം സജീവമായിരുന്നു.
നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള മാധ്യമമായി രാഷ്ട്രീയത്തെ കണ്ടിരുന്നു ഈ കേരള കോണ്ഗ്രസ് അനുഭാവി.പൊൻകുന്നം ഒന്നാം മൈൽ തൊമ്മിത്താഴെ വർഗീസ് - ഏലി ദന്പതികളുടെ ഇളയ മകളാണ് ക്ലാരമ്മ. 81-ാം വിവാഹ വാർഷിക ദിനത്തിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലും മക്കളും കൊച്ചുമക്കളും ചേർന്ന് ഒരുക്കിയിട്ടുണ്ട്.