ചെക്ക് ഡാമിലെ ചെളിയും മണ്ണും നീക്കുന്നില്ല
1424758
Saturday, May 25, 2024 3:48 AM IST
അടിമാലി: വെള്ളത്തൂവലിലെ ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ ചെക്ക് ഡാമിൽ നിറഞ്ഞുകിടക്കുന്ന ചെളിയും മണലും നീക്കുന്ന കാര്യത്തിൽ ഈ വേനൽക്കാലം അവസാനിക്കുന്പോഴും തീരുമാനമില്ല. വെള്ളത്തൂവൽ പാലത്തിന് താഴെ മുതിരപ്പുഴ ആറിന് കുറുകെയാണ് വൈദ്യുതി ബോർഡിന്റെ ചെക്ക് ഡാം സ്ഥിതി ചെയ്യുന്നത്.
എന്നാൽ, ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെക്ക് ഡാം ചെളിയും മണലും കൊണ്ട് നിറഞ്ഞ സ്ഥിതിയിലാണ്. ചെങ്കുളം പവർഹൗസിൽനിന്നു ഉത്പാദനശേഷം പുറത്തുവിടുന്ന ജലവും മുതിരപ്പുഴയാറ്റിലെ ജലവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ചെക്ക് ഡാം നിർമിച്ചത്. ഈ ഡാമാണിപ്പോൾ ചെളിയും മണലും കൊണ്ട് നിറഞ്ഞ് കിടക്കുന്നത്.
മണലും ചെളിയും നീക്കി ചെക്ക് ഡാമിന്റെ സംഭരണ ശേഷി വർധിപ്പിക്കുന്ന നടപടി അനന്തമായി നീളുകയാണ്. മണലും ചെളിയും നീക്കി പദ്ധതിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് ആവശ്യം.
2018ലെ പ്രളയത്തെത്തുടർന്ന് ചെക്ക് ഡാമിൽ മണലും ചെളിയും വന്ന് നിറഞ്ഞിരുന്നു.അന്ന് ജില്ലാ ദുരന്തനിവാരണ അതോററ്റി ഇവിടെനിന്നു മണൽ നീക്കാനുള്ള ചില ഇടപെടലുകൾ നടത്തിയിരുന്നു. പക്ഷെ തുടർ നടപടികൾ ഉണ്ടായില്ല.