മഴക്കാലപൂർവ ശുചീകരണം വഴിപാട്; പകർച്ചവ്യാധികൾ പിടിമുറുക്കുന്നു
1424907
Sunday, May 26, 2024 2:56 AM IST
മുന്നൊരുക്കം താളം തെറ്റി
തൊടുപുഴ: കാലവർഷം പടിവാതിൽക്കൽ എത്തിയിട്ടും മഴക്കാല പൂർവ ശുചീകരണം പാതിവഴിയിൽ. ഇതോടെ ഡെങ്കിപ്പനിയടക്കമുള്ള സാംക്രമിക രോഗങ്ങൾ പിടിമുറുക്കുന്നു. ജില്ലയിൽ 52 പഞ്ചായത്തുകളും രണ്ടു നഗരസഭകളുമാണുള്ളത്. ഇതിൽ ഭൂരിപക്ഷം പഞ്ചായത്തുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പ്രഹസനമായി മാറിയെന്നാണ് ആക്ഷേപം ഉയരുന്നത്.
ഒരു പഞ്ചായത്തിൽ ഏതാനും സ്ഥലത്ത് ശുചീകരണം നടത്തിയ ശേഷം പ്രവർത്തനത്തിന്റെ റിപ്പോർട്ട് തയാറാക്കുന്ന തട്ടിക്കൂട്ട് പരിപാടിയാണ് പലയിടത്തും അരങ്ങേറുന്നത്. മിക്ക പഞ്ചായത്തുകളിലെയും റോഡിന്റെ ഇരുവശങ്ങളും കാടുംപടലും കയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണിവിടം.
ഓടകൾ ശുചീകരിക്കുന്ന പ്രവർത്തനങ്ങളും പലയിടത്തും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതുമൂലം കാലവർഷം തുടങ്ങിയാൽ റോഡിൽ വെള്ളക്കെട്ടിനു പുറമേ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുമാണുള്ളത്. നഗരസഭ മേഖലകളിലെ സ്ഥിതിയും ഇതിൽ നിന്നു വ്യത്യസ്തമല്ല.
പുഴയോര ശുചീകരണത്തിനും നടപടിയില്ല
മാലിന്യങ്ങൾ അടിഞ്ഞുകൂടിയ തോടുകൾ, പുഴയോരങ്ങൾ, എന്നിവിടങ്ങളിലെ ശുചീകരണവും എങ്ങുമെത്തിയിട്ടില്ല. മിക്ക പഞ്ചായത്തുകളിലും പുഴകളിൽ മണലും മാലിന്യവും അടിഞ്ഞുകൂടി കിടക്കുകയാണ്. പല വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ പൈപ്പുകൾ വഴി പുഴയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതു കണ്ടെത്തി നടപടിയെടുക്കാനും അധികൃതർ തയാറാകുന്നില്ല.
അറക്കുളം പഞ്ചായത്തിലെ വലിയാറിൽ തീർത്ത വിയർക്കെട്ട് മണൽ നിറഞ്ഞ നിലയിലാണ്. ടണ്കണക്കിനു മണലാണ് ഇവിടെ വന്നടിഞ്ഞുകൂടിയിരിക്കുന്നത്. ഇതു ലേലം ചെയ്ത് നൽകാൻ നപടി സ്വീകരിച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിനു രൂപയുടെ വരുമാനം ലഭിക്കുമായിരുന്നു. ലോ റേഞ്ചിലെയും ഹൈറേഞ്ചിലെയും പഞ്ചായത്തുകളിൽ മണൽവാരാൻ നടപടിയെടുത്തിരുന്നെങ്കിൽ അതിലൂടെ കോടികൾ ലഭിക്കുമായിരുന്നു.
പകർച്ചവ്യാധി ഭീഷണി
മിക്ക പഞ്ചായത്തുകളിലെയും നഗരസഭാപ്രദേശത്തെയും ഓടയുടെ സ്ലാബുകൾ നീക്കി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതുമൂലം കൊതുക് ഉൾപ്പെടെയുള്ളവ പെരുകാനുള്ള സാധ്യതയേറുകയാണ്. ഡെങ്കപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയവ ജില്ലയിലെ പല പ്രദേശങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉറവിട മാലിന്യശുചീകരണത്തിനോ കൊതുകുകൾ പെരുകുന്ന വെള്ളക്കെട്ടുകൾ ഒഴിവാക്കുന്നതിനോ അധികൃതർ കാര്യമായ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പാതയോരങ്ങളിലും മറ്റും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളും പലയിടത്തും നീക്കം ചെയ്യാൻ നടപടിയില്ലാത്ത സ്ഥിതിയാണുള്ളത്. ഇതുമൂലം പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തവണ തോരാമഴ നേരത്തെ ആരംഭിച്ചതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ താളം തെറ്റുകയായിരുന്നു.
ഓരോ വർഷവും കൃത്യമായ പദ്ധതി തയാറാക്കുന്ന കാര്യത്തിലും അധികൃതർക്ക് വീഴ്ച സംഭവിക്കുന്നുണ്ട്. നഗരത്തിൽ ഉൾപ്പെടെ മാലിന്യം അടിഞ്ഞുകൂടി നിറഞ്ഞുകിടക്കുന്ന ഓടകൾ വേനൽക്കാലത്തു തന്നെ കോരി വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാത്തത് അധികൃതരുടെ അലംഭാവം മൂലമാണ്. മഴ ശക്തമാകുന്ന പ്രദേശങ്ങളിലെല്ലാം ഇതു വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്.
വലിച്ചെറിയൽ സംസ്കാരം മാറണം
കൈയിൽ കിട്ടുന്നതെല്ലാം കാണുന്നിടത്ത് വലിച്ചെറിയുന്ന മലയാളിയുടെ സംസ്കാരത്തിന് മാറ്റം വന്നാലേ നാട് മാലിന്യമുക്തമാകൂ. വീട്ടിലെയും വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ആരും കാണാത്ത സ്ഥലങ്ങളിൽ വലിച്ചെറിഞ്ഞിട്ട് പോകുന്ന രീതിയാണ് ഇന്നുള്ളത്. ഇവിടെ മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിൽ പോലും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥിതിയാണുള്ളത്.
പഞ്ചായത്തുകൾ വിവിധ പ്രദേശങ്ങളിൽനിന്നു ശേഖരിക്കുന്ന മാലിന്യങ്ങൾ റോഡരികിലും മറ്റും ശേഖരിച്ചുവച്ചശേഷം അവിടെ നിന്നും നീക്കം ചെയ്യുന്നത് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണ്. ഇത്തരം സ്ഥലങ്ങളിലെ മാലിന്യങ്ങൾ തെരുവ് നായ്ക്കൾ റോഡിലും മറ്റും വലിച്ചിടുന്നതും പതിവാണ്. തെരുവുനായ്ക്കൾ നാട്ടിൽ പെരുകാനുള്ള ഒരു കാരണം നാട്ടിലെ മാലിന്യങ്ങളാണ്. ആൾത്താമസമില്ലാത്ത പ്രദേശങ്ങളിലെ റോഡുകൾ, തോടുകൾ, പുഴകൾ എന്നിവിടങ്ങളിലെല്ലാം വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത് പതിവാണ്.
ഇത്തരക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നൽകിയാലെ ഇത്തരം പ്രവണതകൾ അവസാനിപ്പിക്കാനാകൂ. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ശുദ്ധജല തടാകമായ മലങ്കര ജലാശയം പോലും ഇന്നു മാലിന്യമുക്തമല്ല. പ്ലാസ്റ്റിക്ക്, മദ്യക്കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയെല്ലാം ടൂറിസ്റ്റ് കേന്ദ്രമായ ഇവിടെ നിക്ഷേപിക്കുന്നതും പതിവാണ്.
മാലിന്യ നിർമാർജനം ഉൗർജിതപ്പെടുത്തും
ഇടുക്കി: ജില്ലയിലെ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതപ്പെടുത്താൻ തീരുമാനം. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി മുഹമ്മദ് വൈ.സഫറുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലയിലെ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം.
പഞ്ചായത്ത് തലത്തിൽ നടപ്പാക്കുന്ന ഹരിതമിത്രം ആപ്ലിക്കേഷന്റെ പുരോഗതി, മഴക്കാലപൂർവ ശുചീകരണം എന്നിവ യോഗം വിലയിരുത്തി. ജൂണിൽ ആയിരത്തോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്ലിക്കേഷൻ പൂർണമായും നടപ്പാക്കുമെന്നും ഇതോടെ ഡോർ ടു ഡോർ കളക്ഷൻ, എംസിഎഫുകളുടെ പ്രവർത്തനം എന്നിവ കേന്ദ്രീകൃതമായ രീതിയിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനാകുമെന്നും സെക്രട്ടറി പറഞ്ഞു.
കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, ഇടുക്കി സബ്കളക്ടർ ഡോ. അരുണ് എസ്. നായർ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കെ.വി. കുര്യാക്കോസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ, അസി.ഡയറക്ടർ സി. ശ്രീരേഖ, വിവിധ തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, കാന്പയിൻ സെക്രട്ടറിമാർ, ജില്ലാതല കുടുംബശ്രീ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.