ബസിലിക്ക പ്രഖ്യാപനം: സാക്ഷിയായത് വിശ്വാസിസഹസ്രങ്ങൾ
1424908
Sunday, May 26, 2024 2:56 AM IST
മൂന്നാർ: ഹൈറേഞ്ചിലെ ആദ്യത്തെ കത്തോലിക്കാ പള്ളിയായ മൂന്നാർ മൗണ്ട് കാർമൽ ബസിലിക്കയായി ഉയർത്തിയതിന്റെ ചടങ്ങുകളിൽ പങ്കെടുക്കാൻ ഒഴുകിയെത്തിയത് വിശ്വാസി സഹസ്രങ്ങൾ. പ്രകൃതിയുടെ മനോഹാരിതയാൽ സഞ്ചാരികളുടെ മനംകവരുന്ന ദേവാലയം ബസിലിക്കയായി പ്രഖ്യാപിച്ചതോടെ വിവിധ രൂപതകളിൽ നിന്നുള്ള വിശ്വാസികളും ഇതരമതസ്ഥരും പ്രാർഥനാനിർഭരമായ മനസോടെയാണ് ഇവിടേക്ക് എത്തിയത്.
ശതോത്തര ജൂബിലിനിറവിൽ ലഭിച്ച പുതിയ അംഗീകാരം ഇടവക സമൂഹത്തിന് ഇരട്ടിമധുരമാണ് നൽകുന്നത്. ബസിലിക്കയായി ഉയർത്തപ്പെട്ട ദേവാലയത്തിനു കീഴിൽ രാജമല, ലക്ഷ്മി, കടലാർ, കല്ലാർ, നെറ്റിമേട്, നല്ലത്തണ്ണി, മൂന്നാർകോളനി, കുറ്റിയാർവാലി എന്നീ 11 സ്റ്റേഷൻ പള്ളികളും മൂന്നാർ ടൗണ്, മൂന്നാർ കോളനി, നല്ലതണ്ണി, അന്തോണിയാർ കോളനി, പോതമേട്, പെരിയവരൈ, ലക്ഷ്മി, കല്ലാർപുതുക്കാട് എന്നിവിടങ്ങളിലായി എട്ട് കുരിശടികളുമാണുള്ളത്. 50 കുടുംബകൂട്ടായ്മകളിലായി 850 കുടുംബങ്ങളും നാലായിരത്തിൽപരം ഇടവകാംഗങ്ങളുമുണ്ട്.
സ്പെയിനിൽ ജനിച്ച കർമലീത്ത മിഷനറിയും ദേവാലയ സ്ഥാപകനുമായ അൽഫോൻസോ മരിയ ഡി ലോസ് ഏഞ്ചൽസ് എന്ന അൽഫോൻസച്ചൻ അന്ത്യവിശ്രമം കൊള്ളുന്നതും ഈ ദേവാലയത്തിലാണ്. മലേറിയ ബാധിതരായ തൊഴിലാളികളെ ശുശ്രൂഷിച്ച് സാധാരണക്കാർക്കൊപ്പം ജീവിതം നയിച്ച പുണ്യചരിതനായ ഈ വൈദികന്റെ സ്നേഹസ്മരണയ്ക്കു മുന്നിൽ കൂപ്പുകൈകളുമായാണ് ബസിലിക്ക പ്രഖ്യാപനത്തിനെത്തിയ വിശ്വാസികൾ നിന്നത്. ഇടവകയുടെ വിശ്വാസചൈതന്യത്തിന്റെയും കൂട്ടായ്മയുടെയും നേർക്കാഴ്ചയായിരുന്നു ബസിലിക്ക പ്രഖ്യാപന ചടങ്ങ്.
സ്ഥാനിക ചിഹ്നത്തിൽ മൂന്നാറിന്റെ അടയാളവും
മൂന്നാർ: ബസിലിക്കയുടെ ഔദ്യോഗിക സ്ഥാനിക ചിഹ്നത്തിലെ പരന്പരാഗതമായ അടയാളങ്ങൾക്കൊപ്പം മൂന്നാറിന്റെ പ്രത്യേകതയും. ദേവാലയത്തിന്റെ പ്രവേശന കവാടത്തിനു മുന്നിലായി സ്ഥാപിച്ച സ്ഥാനിക ചിഹ്നം അനാവരണം ചെയ്തത് തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയാണ്.
ബസിലിക്കയായി ഉയർത്തപ്പെടുന്പോൾ മാർപാപ്പയുടെ ദേവാലയമായി അംഗീകരിക്കപ്പെടുന്നതിന്റെ അടയാളമായാണ് പത്രോസിന്റെ താക്കോൽ എന്ന വിശേഷണമുള്ള ക്രോസ്ഡ് കീസ് എന്ന സ്ഥാനിക ചിഹ്നം അനുവദിക്കുന്നത്. ഈ സ്ഥാനിക ചിഹ്നത്തിൽ പ്രാദേശിക പാരന്പര്യങ്ങളും പ്രത്യേകതകളും ഉൾപ്പെടുത്താറുണ്ട്.
ഇത്തരത്തിൽ കർമല മാതാവിന്റെയും മൂന്നാർമലനിരകളുടെയും ചിത്രവും ആലേഖനം ചെയ്താണ് സ്ഥാനിക ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്.