ഡെങ്കിപ്പനി: പുതിയ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി
1424911
Sunday, May 26, 2024 2:59 AM IST
ഇടുക്കി: ജില്ലയിൽ ആരോഗ്യവകുപ്പ് എല്ലാ ആഴ്ചയും നടത്തുന്ന പ്രതിവാര വെക്ടർ സ്റ്റഡി റിപ്പോർട്ട് പ്രകാരം അറക്കുളം ( വാർഡ്-7), പീരുമേട് (വാർഡ്-6), വണ്ടിപ്പെരിയാർ (വാർഡ്-11), കുമളി (വെള്ളാരംകുന്ന്), കരിമണ്ണൂർ എന്നീ സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തി.
ഹൈ റിസ്ക് പ്രദേശമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇത്തരം സ്ഥലങ്ങളിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്.
അതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ജോബിൻ ജി. ജോസഫ് എന്നിവർ അറിയിച്ചു.
ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
ചെറുതോണി: ഡെങ്കിപ്പനി ബാധിച്ചു കോട്ടയം മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എൻസിപി (എസ്) കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റ് തൂങ്ങാലയിൽ ബൈജു ജോസ് ( 46) ആണ് മരിച്ചത്.
തൊടുപുഴയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബൈജുവിനെ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷീബ വണ്ണപ്പുറം, മുണ്ടൻമുടി ചെരുവിൽപറമ്പിൽ കുടുംബാംഗമാണ്. മകൻ അജിത്.
കഞ്ഞിക്കുഴി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 22 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിൽ 10 പേർ സുഖം പ്രാപിച്ചതായി കഞ്ഞിക്കുഴി മെഡിൽ ഒാഫീസർ പറഞ്ഞു. ബാക്കി 12 പേർ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. ഡെങ്കിപ്പനി നിയന്ത്രണ വിധേയമായെന്നും മെഡിക്കൽ ഒാഫീസർ അറിയിച്ചു.