കാലവർഷം അടുത്തെങ്കിലും തൊഴിലാളി ലയങ്ങൾ നവീകരിച്ചില്ല
1425268
Monday, May 27, 2024 2:12 AM IST
ഉപ്പുതറ: അടഞ്ഞുകിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളി ലയങ്ങൾ ഓരോന്നായി തകർന്നു വീഴുമ്പോഴും നവീകരണം നടത്താൻ നടപടിയില്ല.
കഴിഞ്ഞ ദിവസം കോട്ടമലയിലും പുതുക്കട രണ്ടാം ഡിവിഷനിലും ലയമുറികൾ തകർന്നുവീണു. ഭാഗ്യം കൊണ്ടാണ് ആളപായം ഉണ്ടാകാതിരുന്നത്. എന്നാൽ, വസ്ത്രവും വീട്ടുപകകരണങ്ങളും നശിച്ചു. എല്ലാവർഷവും മഴക്കാലത്ത് ലയങ്ങൾ തകർന്നു വീഴുന്നത് പീരുമേട്ടിലെ തോട്ടങ്ങളിൽ പതിവാണ്. തൊഴിലാളികളുടെ ദൈനംദിന പ്രശ്നങ്ങളിൽ പോലും ഇടപെടേണ്ട തൊഴിൽ വകുപ്പ് ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ല.
പതിവായി ചെയ്യുന്നതു പോലെ റവന്യൂ വകുപ്പ് ഈ വർഷവും റിപ്പോർട്ട് തയാറാക്കി നൽകുന്ന പണിയിലാണ്. പീരുമേട് താലൂക്കിൽ തകർച്ചയിലായ തൊഴിലാളി ലയങ്ങളുടെ കണക്കെടുത്തു നൽകാൻ തഹസീൽദാർ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ലയങ്ങൾ നവീകരിക്കാൻ ഫണ്ട് ചെലവഴിക്കാൻ റവന്യൂ വകുപ്പിന് തടസമുണ്ടെന്നാണ് അവരുടെ വാദം.