മലയോര ഹൈവേ നിർമാണത്തിലെ മെല്ലപ്പോക്കിനെതിരേ പ്രക്ഷോഭം
1425272
Monday, May 27, 2024 2:35 AM IST
ഉപ്പുതറ: മലയോര ഹൈവേ നിർമാണത്തിലെ അപാകതയിലും മെല്ലപ്പോക്കിലും പ്രതിഷേധിച്ച് നാട്ടുകാർ പ്രക്ഷോഭത്തിന് തയാറെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ചപ്പാത്തിൽ 25 അംഗ പൗരസമിതി രൂപവത്കരിച്ചു. 90 വർഷം മുൻപ് തോടിനു കുറുകെ നിർമിച്ച ടൗണിലെ പാലം പൊളിച്ചു പണിയുക, ടൗണിന് അനുയോജ്യമായ വിധം വീതി കൂട്ടി ടാറിംഗ് നടത്തുക, ചപ്പാത്ത് - മേരികുളം റീച്ചിലെ നിർമാണത്തിലുള്ള മെല്ലപ്പോക്ക് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നാട്ടുകാർ സംഘടിച്ചത്.
മറ്റെല്ലായിടത്തും 13 മീറ്ററും ടൗണിൽ 14 മീറ്റർ വീതിയിലുമാണ് നിർമാണം നടക്കുന്നത്. എന്നാൽ, ചപ്പാത്ത് ടൗണിൽ ഒൻപത് മീറ്റർ വീതി മാത്രമാണുള്ളത്. ടൗണിനു നടുവിലൂടെ ഒഴുകുന്ന തോടിന് കുറുകെയുള്ള പാലം പൊളിച്ചുപണിയാത്തതും പ്രശ്നമാണ്.
2018 മുതൽ മൂന്നുവർഷം പാലത്തിന് ഇരുവശവും ഇടിഞ്ഞുതാഴ്ന്ന് വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. അന്നു മക്കിട്ടു നികത്തിയാണ് ഗതാഗതം പുഃനസ്ഥാപിച്ചത്. ഈ പാലമാണ് സുരക്ഷിതമെന്ന് റിപ്പോർട്ടുണ്ടാക്കി പൊളിച്ചു പണിയാത്തത്.
സംസ്ഥാന പാതയിൽ 22 ദിവസമാണ് ഗതാഗതം നിരോധിച്ചത്. ഈ സമയം പണികൾ നടത്തുന്നതിൽ കരാറുകാരൻ വീഴ്ച വരുത്തി. പല തവണ മലയോര ഹൈവേ വിഭാഗം അധികൃതരെ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായില്ലന്ന് പൗരസമിതി ഭാരവാഹികളാ ടി.കെ. സജി (പ്രസിഡന്റ്്) വി. വി. പ്രമോദ് (സെക്രട്ടറി) എന്നിവർ പറഞ്ഞു.